
തരൂരും ചെന്നിത്തലയും പ്രവർത്തക സമിതിയിലെത്തുമോ? അംഗത്വത്തിനായി ചരടുവലിച്ച് നേതാക്കൾ, പോരാട്ടം കടുക്കും
ദില്ലി: തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിക്കുന്നു. 25 വർഷം മുൻപാണ് കോൺഗ്രസിൽ ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പുതിയ അധ്യക്ഷൻ തിരഞ്ഞെടുക്കപ്പെട്ടതോടെ 3 മാസത്തിനകം എ ഐ സി സിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണമെന്നതാണ് പാർട്ടിയുടെ ചട്ടം. ഇതോടെ ശശി തരൂർ അടക്കമുള്ള നേതാക്കൾ ചരടുവലി ആരംഭിച്ച് കഴിഞ്ഞു.

1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇങ്ങോട്ട് പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

പ്രവർത്തക സമിതിയിൽ 25 അംഗങ്ങളാണ് ഉണ്ടാകുക. ഇതിൽ പാർട്ടി അധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്ക് പുറമെ 12പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ളത്. 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും. പാർട്ടിയിൽ ഇതുവരെ സമവായത്തിലൂടെയാണ് അംഗങ്ങളെ കണ്ടെത്തിയിരുന്നതെന്ന് കൊണ്ട് തന്നെ ഇക്കുറിയും ഇതേ നില തുടരാം എന്ന സൂചനയാണ് പുതിയ അധ്യക്ഷനായ ഖാർഗെ നൽകുന്നത്.

മത്സരം നടന്നാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വത്തിന്റേയും നിലപാട്. എന്നാൽ ഹൈക്കമാന്റിന് അടുപ്പമുള്ളവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന അടക്കം പറച്ചിലും ഇതിനെതിരെ ഉയരുന്നുണ്ട്.അതേസമയം പാർട്ടിയിലെ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ പല അപ്രതീക്ഷ സ്ഥാനാർത്ഥികളും എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരള നേതാക്കളായശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗത്വത്തിനായി മുൻ നിരയിൽ ഉള്ള ചിലർ.പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിലെ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിച്ച് പാർട്ടിയുടെ അന്തസ് ഉയർത്തിയ തന്നെ പ്രവർത്തക സമിതിയിലേക്ക് നേതൃത്വം നാമനിർദ്ദേശം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ. ഇക്കാര്യത്തിനായി അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്. തരൂർ പക്ഷത്തെ നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്ത് നൽകും.

അതേസമയം ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കൊടുക്കുന്നിലും ഇതേ ആഗ്രഹത്തിലാണ്. നിലവിൽ കേരളത്തിൽ നിന്നും എകെ ആന്റണി, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ ഉള്ള മലയാളികൾ.ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി എകെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇവരെ സ്ഥിരം ക്ഷണിതാക്കളായേക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിൽ നേതാക്കൾ തുനിഞ്ഞ് ഇറങ്ങിയാൽ അത് വാശിയേറിയ മത്സരത്തിന് തന്നെയാകും വഴിവെക്കുകയെന്നാണ് വിലയിരുത്തലുകൾ.