കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു, ജാഗ്രത തുടരും
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയതായി ആരിലും വൈറസ് ബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇനി മുതൽ അതികഠിനമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും എന്നാൽ അതീവ ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയവരുടെ സാമ്പിൾ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാനിൽ നിന്നെത്തിയ മൂന്ന് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. ഇവരുമായി അടുത്ത ബന്ധം പുലർത്തിയവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നുവെങ്കിലും ഇവരിൽ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനിൽ നിന്ന് മടങ്ങയ 72 പേരിൽ 3 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ ചൈനയിൽ നിന്നും മലയാളി വിദ്യാർത്ഥികൾ അടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥി സംഘം നാട്ടിലേക്ക് മടങ്ങി. കുമിങിൽ കുടുങ്ങിക്കിടക്കുകയായിരുന്നവരാണ് മടങ്ങിയത്. 17 വിദ്യാർത്ഥികൾ അടക്കം 21 പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കൊറോണ ബാധയയെ തുടർന്ന് ചൈനയിൽ ഇതുവരെ 636 ആളുകളാണ് മരിച്ചത്. 31161 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications