ജയില്‍ ഫേസ്ബുക്ക്:പ്രതികളെ അറസ്റ്റ് ചെയ്യാം
കോഴിക്കോട്: കോഴിക്കോട് ജില്ല ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍-ഫേസ്ബുക്ക് ഉപയോഗമാണ് വിവാദമായത്.
ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എംസി അനൂപ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് തുടങ്ങി ആറ് പേരെ അറസ്റ്റ് ചെയ്യാനാണ് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ടിപി വധക്കേസില്‍ വിചാരണ നേരിടുന്ന പ്രതികളാണ് ജയിലില്‍ മുന്തിയം ഇനം ഫോണുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ സജീവമായിരുന്നത്. കിര്‍മാണി മനോജ് ടിപിയെ വധിക്കാനുള്ള ഗൂഢാലോചനാ സമയത്ത് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് തന്നെയായിരുന്നു ജയിലിലും ഉപോഗിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു പ്രതികളുടെ ഫേസ് ബുക്ക് ഉപയോഗം പുറത്ത് കൊണ്ടുവന്നത്.
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. വിവാദത്തെ തുടര്‍ന്ന് ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഭവത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നു.












Click it and Unblock the Notifications