
വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം കെഎം ഷാജിക്ക് തിരികെ ലഭിക്കില്ല: ഹർജി കോടതി തള്ളി
കോഴിക്കോട്: വിജിലന്‍സ് കേസില്‍ മുസ്ലിം ലീഗ് നേതാവും അഴിക്കോട് മുന്‍ എം എല്‍ എയുമായ കെഎം ഷാജിക്ക് തിരിച്ചടി. കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന കെഎം ഷാജിയുടെ ആവശ്യം കോടതി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കെഎം ഷാജിയുടെ ആവശ്യം തള്ളിയത്. അഴീക്കോട് സ്കൂളിലെ പ്ലസ്ടു നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത് 47 ലക്ഷം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെഎം ഷാജി കോടതിയില്‍ എത്തിയത്.
ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറി: പ്രതിഭാഗം അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായി: സജി നന്ത്യാട്ട്
എന്നാല്‍ ഷാജിയുടെ ആവശ്യത്തെ വിജിലന്‍സ് ശക്തമായി എതിർത്തു. പിടിച്ചെടുത്ത പണം ഒരു കാരണവശാലം തിരികെ നല്‍കാന്‍ സാധിക്കില്ല. പിടിച്ചെടുത്ത പണം തിരികെ നല്‍കിയാല്‍ അനധികൃത സ്വത്ത് സമ്പാദന കേസിനേയടക്കം ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകരില്‍ നിന്നും സമാഹരിച്ച പണമാണ് ഇതെന്നായിരുന്നു കെഎം ഷാജിയുടെ വാദം. ചില രസീതുകളും ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ഈ രസീതുകളില്‍ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമായിരുന്നു. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നുള്ള വാദം അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് മുന്‍ എം എല്‍ എയുടെ ഹർജി കോടതി തള്ളിയത്.
അതേസമയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഹർജി കോടതി ശരിയായ പരിഗണിച്ചിട്ടില്ലെന്നതാണ് ഞങ്ങളുടെ വാദം. ശരിയായ രേഖകളാണ് ഞങ്ങള് കോടതിയില്‍ ഹാജരാക്കിയത്. രേഖകള്‍ ശരിയല്ല എന്നുള്ളത് പ്രോസിക്യൂഷന്‍ വാദം മാത്രമാണെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഈ സമയത്ത് കോടതി കേസിന്റെ മെറിറ്റിലേക്ക് പോയിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ വിധി പകർപ്പ് കിട്ടിയിട്ട് മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്. സി പി എം നേതാവായ കുടുവന്‍ പത്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായിരുന്നു ഷാജി കോഴി വാങ്ങിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.