ജാമ്യാപേക്ഷ തള്ളി കോടതി;പിസി ജോർജ് ജയിലിലേക്ക്, 14 ദിവസം റിമാന്റിൽ
തിരുവനന്തപുരം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജിനെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി മാർച്ച് 10 വരെയാണ് റിമാന്റ് ചെയ്തത്. ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.
ഇന്ന് രാവിലെ പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പോലീസ് വീട്ടിലെത്തിയിരുന്നു. അതിനിടെ നാടകീയമായി ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു ജോർജിന്റെ നീക്കം, എന്നാൽ ജോർജിനെ കോടതി പോലീസ് കസ്റ്റഡിയിലേക്ക് വിടുകയായിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നാല് മണിക്കൂറത്തേക്ക് ജോർജിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി വ്യക്തമാക്കി.

കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കോടതി ജാമ്യ ഹർജി പരിഗണിച്ചു. തുടർന്ന് പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യാപേക്ഷ തള്ളിയത്. ജോർജ് മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങൾ അടക്കം പരിഗണിച്ചാണ് കോടതിയടെ നടപടി.
ജനവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവർ കൊന്നു. മുസ്ലിങ്ങൾ പാകിസ്‌ഥാനിലേക്ക് പോകൂവെന്നാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. പരാമർശത്തിൽ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്.
അതേസമയം നേരത്തേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അതിരൂക്ഷവിമർശനമാണ് ഹൈക്കോടതി ജോർജിനെതിരെ ഉയർത്തിയത്.
മുപ്പതുവര്‍ഷത്തോളം എം എല്‍ എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചത്. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വീണ്ടും വിദ്വേഷ പരാമർശം ജോർജ് നടത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications