കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നു; ഈ മാസം മാത്രം 273 കേസുകൾ..കൂടുതൽ കോട്ടയത്ത്
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. മെയ് മാസത്തിൽ മാത്രം 273 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ, 82. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്ത് കണക്കുകൾ.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

ആശുപത്രികളിൽ മാസ്കുകൾ നിർബന്ധമാക്കും
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ മാർഗങ്ങൾ
· മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യുമ്പോൾ രോഗം പടരാൻ സാധ്യതയുള്ളതിനാൽ അവർ ഭക്ഷണം പാകം ചെയ്യാൻ പാടില്ല.
· മഞ്ഞപ്പിത്തം ബാധിച്ചവർ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യണം.
. രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
· കുടിവെള്ളം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണം.
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
· പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.
മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കി ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റർ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ജാഗ്രത പുലർത്തണമെന്ന് മന്ത്രി വ്യക്തമാക്കി.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദമായ ജെ എൻ 1 , എൽ എഫ് 7, എൻ ബി 1.8 എന്നിവയാണ് പകരുന്നത്. ഈ വൈറസുകൾക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ ഡെൽറ്റ വകഭേദം പോലെ തീവ്രത കൂടുതലല്ല.












Click it and Unblock the Notifications