ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിപിഐ മുഖപത്രം, പദവി അല്‍പ്പത്തരത്തിന് ഉപയോഗിക്കരുത്
തിരുവനന്തപുരം: നയപ്രഖ്യാപന വിഷയത്തില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതിരുന്നത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് സിപിഐ പറയുന്നു. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് വിമര്‍ശനമായി പറയുന്നത്. ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാരിനെ അടക്കം ഞെട്ടിച്ച നീക്കമായിരുന്നു ഗവര്‍ണര്‍ നടത്തിയത്. നാടകീയ രംഗങ്ങളാണ് രാജ്ഭവനില്‍ നടന്നത്. നയപ്രഖ്യാപനം അംഗീകരിക്കില്ലെന്നും, ഒപ്പിടില്ലെന്നും നിലപാടെടുത്ത ഗവര്‍ണര്‍, ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി.

മുഖ്യമന്ത്രി രാജ്ഭവനിലെത്തിയിട്ടും വഴങ്ങാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത നിര്‍വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിഎ നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായ അവഹേളനമാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. നിയമനത്തിന്റെ വഴികള്‍ എണ്ണിപറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതെയുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതോടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ചര്‍ച്ച നടത്താമെന്നായി മുഖ്യമന്ത്രിയുടെ നിലപാട്. ചര്‍ച്ചയല്ല, തീരുമാനമാണ് വേണ്ടതെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു.
അതേസമയം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ മെരുക്കാനുള്ള വഴിതേടി നടക്കുകയാണ് സിപിഎം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തല്‍ക്കാലം സംയമനം പാലിക്കാനും പിന്നീട് ഗവര്‍ണര്‍ക്ക് ഉചിതമായ മറുപടി നല്‍കാനുമാണ് തീരുമാനം. ചാന്‍സലര്‍ വിവാദം, ലോകായുക്ത ഓര്‍ഡിനന്‍സ്, നയപ്രഖ്യാപന പ്രസംഗം, എന്നിവയില്‍ ഗവര്‍ണറുടെ നിലപാടില്‍ സര്‍ക്കാര്‍ ആകെ രഷത്തിലാണ്. സര്‍ക്കാരിനെ തന്റെ വരുതിയില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇത് നാണക്കേടായി. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍.
നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യ നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങരുതെന്നാണ് തല്‍ക്കാലത്തേക്ക് നേതാക്കള്‍ ധാരണയിലെത്തിയത്. ബജറ്റ് സമ്മേളനം പ്രതിസന്ധിയിലാവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അത് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നത് പോലെയാകും. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനത്തിലൂടെ മറുപടി നല്‍കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ നീങ്ങുന്നതെന്ന് സിപിഎം കരുതുന്നു. അതേസമയം ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം സഭയില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ പ്രതിപക്ഷത്തോട് രോഷാകുലനാവുകയും ചെയ്്തു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചത്.












Click it and Unblock the Notifications