'സ്വര്‍ണം പൊട്ടിക്കലും അധോലോക അഴിഞ്ഞാട്ടവും; ഇത് ചെങ്കൊടിക്ക് അപമാനം'; ആഞ്ഞടിച്ച് സിപിഐ
തിരുവനന്തപുരം: സി പി എമ്മിനെ അതിരൂക്ഷമായി വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്നും അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് പിന്നിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി, അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പി എമ്മിൽ നിന്നും പുറത്ത് പോയതിന് പിന്നാലെ മുൻ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന മനു തോമസ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വസത്തിന്റെ വിമർശനം. കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു മനു തോമസ് ആരോപിച്ചത്. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് പി ജയരാജന്‍ പോസ്റ്റ് പങ്കിട്ടിരുന്നു. ഇത് വലിയ വിവാദത്തിനാണ് കാരണമായത്.
അതിനിടെ സി പി ഐയുടെ യുവജന പ്രസ്ഥാനമായ എ ഐ വൈ എഫും സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എ ഐ വൈ എഫിന്റെ വിമർശനം. എ ഐ വൈ എഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. നവകേരള സദസിനേയും സി പി എമ്മിന് കീഴിലുള്ള പോലീസ് നടപടികളേയുമെല്ലാം സംഘടന വിമർശിച്ചു. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്നായിരുന്നു വിമർശനം.












Click it and Unblock the Notifications