Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസും ബിജെപിയും പോലെ ‘തിരുവായ്‌ക്ക്‌ എതിർവായില്ല ’എന്ന സ്ഥിതി സിപിഎമ്മിലില്ല: കോടിയേരി

തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ കാതലായ ഭാഗം മറച്ചുവച്ച് താരതമ്യേന പ്രാധാന്യം കുറഞ്ഞ വിഷയങ്ങളിൽ ചർച്ച കേന്ദ്രീകരിക്കാനാണ് പല കേന്ദ്രങ്ങളും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആർഎസ്എസ് നിശ്ചയിക്കുന്നവരെയാണ് ബിജെപിയുടെ ഭരണ--സംഘടനാ നേതൃത്വങ്ങളിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസിന്റേതാകട്ടെ ഒരു കുടുംബത്തിന്റെയോ കോക്കസിന്റെയോ ജനാധിപത്യമാണ്. ആ പാർടികളിലെപ്പോലെ 'തിരുവായ്‌ക്ക്‌ എതിർവായില്ല 'എന്ന സ്ഥിതി സിപിഐ എമ്മിലില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം ഫെബ്രുവരി നാലിന് ഡൽഹിയിൽ പുറത്തിറക്കിയതിനെത്തുടർന്ന് പിന്തുണയും പലവിധ അഭിപ്രായങ്ങളും ചില വിമർശങ്ങളും ഉയർന്നിട്ടുണ്ട്. പാർടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകാശിപ്പിച്ചത്‌.

kodiyeri-

എന്താണോ പ്രമേയത്തിന്റെ കാതലായ ഭാഗം, അത് മറച്ചുവച്ച് താരതമ്യേന പ്രാധാന്യം കുറഞ്ഞ വിഷയങ്ങളിൽ ചർച്ച കേന്ദ്രീകരിക്കാനാണ് പല കേന്ദ്രങ്ങളും ശ്രമിക്കുന്നത്. ഈ പ്രമേയം മുന്നോട്ടുവയ്‌ക്കുന്ന മാർക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്‌ചപ്പാടും ദർശനവുമുണ്ട്. അത് ഇന്ത്യയിലെ മനുഷ്യമോചനത്തിന്റേതാണ്. ഈ ദർശനം വെറുമൊരു ദർശനമായി ശേഷിക്കുന്നതല്ല. അതൊരു സജീവ കർമപരിപാടിയാണ്. മുതലാളിത്തത്തിന്റെ വളർച്ചയിൽത്തന്നെ അതിന്റെ തകർച്ചയ്‌ക്കുള്ള വസ്‌തുനിഷ്ഠ സാഹചര്യവും രൂപപ്പെടുന്നു. ആ സാഹചര്യം ഉപയോഗിച്ച് അതതു കാലത്ത് പുരോഗമനമുന്നേറ്റം ഉണ്ടാക്കാനാണ് യത്നിക്കേണ്ടത്. അതിനുള്ള ആശയവും അടവുമാണ് സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം.

സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വളർച്ചയ്‌ക്ക്‌ തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അതിനെ മറികടക്കുകയെന്ന പ്രധാന ദൗത്യമാണ് പാർടി കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്. 22--ാം പാർടി കോൺഗ്രസ് പരിഗണിച്ചതിന് അപ്പുറമായി പാർടിയെ വളർത്താൻ എന്തുചെയ്യണമെന്ന് 23-ാം പാർടി കോൺഗ്രസ് ആലോചിക്കും. രാഷ്ട്രീയനയ സമീപനങ്ങളിലെയും അടവുകളിലെയും ശരിതെറ്റുകൾ, രാഷ്ട്രീയനയ സമീപനങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിൽ കാട്ടേണ്ടുന്ന ജാഗ്രതയും പരിശോധിക്കുന്നതിനുള്ള കാഴ്ചപ്പാടാണ് രാഷ്ട്രീയപ്രമേയത്തിനുള്ളത്. ഇന്ത്യൻ സമൂഹം സ്‌തംഭിച്ചുനിൽക്കുകയല്ല. മാറ്റങ്ങൾക്ക് അനുസൃതമായി വർഗങ്ങളിലും വർഗബന്ധങ്ങളിലും ഉണ്ടാകുന്ന ഉടച്ചുവാർക്കലുകൾക്ക് ഇണങ്ങുന്നമട്ടിൽ അടവ് സംബന്ധിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട സമീപനവും രാഷ്ട്രീയപ്രമേയത്തിന്റെ കാഴ്‌ചപ്പാടിലുണ്ട്.

രാഷ്ട്രീയപ്രമേയത്തിൽ ഭേദഗതികൾ നിർദേശിക്കാൻ ഓരോ പാർടി ഘടകത്തിനും അംഗങ്ങൾക്കും അവകാശമുണ്ട്. പാർടി സഹയാത്രികരായ പാർടി അംഗങ്ങളല്ലാത്തവർക്കും ബുദ്ധിജീവികൾക്കും സാധാരണപൗരൻമാർക്കും എല്ലാം പ്രമേയത്തിൻമേൽ അഭിപ്രായങ്ങൾ അറിയിക്കാം. ഇതെല്ലാം പരിശോധിക്കുകയും ആവശ്യമായവ പാർടി കോൺഗ്രസിൽ സ്വീകരിക്കുകയും അല്ലാത്തവ തള്ളുകയും ചെയ്യും. ഇത്രമാത്രം സമ്പൂർണ ജനാധിപത്യം ബഹുജനവിപ്ലവ തൊഴിലാളി പാർടിയായ സിപിഐ എമ്മിന് അവകാശപ്പെട്ടതാണ്. ഇതൊരു കമ്യൂണിസ്റ്റ് രീതിയാണ്. അതായത് കമ്യൂണിസ്റ്റ് പാർടി ജനാധിപത്യത്തിന്റെ നിഷേധമല്ല വികാസമാണ് ഉൾക്കൊള്ളുന്നത്. ഇത് രാഷ്ട്രീയപ്രമേയത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഓരോ കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പിലും സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പിലും പാർടി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടി സമ്മേളനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലുമെല്ലാം ഈ ജനാധിപത്യ ഉള്ളടക്കമുണ്ട്.

എന്നാൽ, ബിജെപിക്കോ കോൺഗ്രസിനോ മറ്റ് ബൂർഷ്വാ പാർടികൾക്കോ ജനാധിപത്യം ഭംഗിവാക്കുമാത്രമാണ്. ആർഎസ്എസ് നിശ്ചയിക്കുന്നവരെയാണ് ബിജെപിയുടെ ഭരണ--സംഘടനാ നേതൃത്വങ്ങളിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസിന്റേതാകട്ടെ ഒരു കുടുംബത്തിന്റെയോ കോക്കസിന്റെയോ ജനാധിപത്യമാണ്. ആ പാർടികളിലെപ്പോലെ 'തിരുവായ്‌ക്ക്‌ എതിർവായില്ല 'എന്ന സ്ഥിതി സിപിഐ എമ്മിലില്ല. ഈ പാർടി ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യം മറ്റ് പാർടികളിൽ ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടാനോ അതിനുവേണ്ടി മുഖപ്രസംഗം എഴുതാനോ ഒരു ബൂർഷ്വാ മാധ്യമവും തയ്യാറാകുന്നില്ല.കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ ആപത്ത് ചൂണ്ടിക്കാട്ടി സിപിഐ എം രാഷ്ട്രീയപ്രമേയത്തെ വിമർശിക്കുന്ന ചിലരുണ്ട്. ആർഎസ്എസ് നയിക്കുന്ന മോദി ഭരണവാഴ്‌ച ഏറ്റവും അപകടകരമാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇതിന് അന്ത്യം കുറിക്കണമെന്നും അതിനുവേണ്ടി ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കണമെന്നും അതിനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനൽകുമെന്നും രാഷ്ട്രീയപ്രമേയം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനങ്ങളിലാണ് രാഷ്ട്രീയ ധാരണയുണ്ടാകുക. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിനുമുമ്പ് പ്രായോഗികമല്ല. മതനിരപേക്ഷ കക്ഷികളെ ഏകോപിപ്പിക്കണം. വർഗീയതയ്ക്കെതിരെ വിശാല ഐക്യം വേണം. ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണം. മതനിരപേക്ഷ പ്രതിപക്ഷപാർടികൾ പാർലമെന്റിൽ സഹകരിക്കണം-- ഇപ്രകാരം ഒരു കാഴ്‌ചപ്പാടാണ് സിപിഐ എം മുന്നോട്ടുവയ്‌ക്കുന്നത്.

പാർടി പ്രമേയത്തിനെതിരെ വിമർശം ഉന്നയിക്കുന്ന ചിലരുടെ നിലപാടിന് അടിസ്ഥാനം കോൺഗ്രസുമായുള്ള സഹകരണത്തിനുള്ള താൽപ്പര്യമാണ്. ഇതിനുവേണ്ടി മാർക്സിനെയും എംഗൽസിനെയുംവരെ ചിലർ ഉദ്ധരിച്ചിട്ടുണ്ട്. ഇവിടെ ലെനിൻ, കൗട്സ്കിയെക്കുറിച്ച് പ്രകടിപ്പിച്ച ഒരു അഭിപ്രായം പ്രസക്തമാണ്. 'മാർക്സിന്റെയും എംഗൽസിന്റെയും കൃതികൾ അരച്ചുകലക്കി കുടിച്ചിട്ടുണ്ടെങ്കിലും മാർക്സിസത്തിന്റെ ജീവൻ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല' എന്നായിരുന്നു ലെനിന്റെ വിമർശം. അതുപോലെ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയതുകൊണ്ടാകില്ല എന്നതാണ് ശരിയായ നിലപാടെന്ന് മാർക്സിസം--ലെനിനിസത്തിന്റെ ജീവൻ മനസ്സിലാക്കുന്നവർ സമ്മതിക്കും.

ഇന്ത്യൻ ഭരണകൂടത്തെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും സംബന്ധിച്ച വർഗവിശകലനത്തിലും സമീപനത്തിലും രാഷ്ട്രീയപ്രമേയം വ്യക്തത നൽകുന്നതാണ്. അതിൽ ഇപ്രകാരമാണ് പറയുന്നത്: ""രാജ്യത്തെ ഭരണവർഗമായ വൻകിട മുതലാളിമാർ നയിക്കുന്ന ബൂർഷ്വാ--ഭൂപ്രഭു കൂട്ടുകെട്ടിന്റെ താൽപ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയപാർടിയാണ് കോൺഗ്രസ്. സംസ്ഥാനങ്ങളിലെ കോൺ്ഗ്രസ് സർക്കാരുകൾ നവഉദാരനയങ്ങളാണ് നടപ്പാക്കുന്നത്. കോൺഗ്രസിന്റെ രാഷ്‌ട്രീയ സാഹചര്യവും സംഘടനാപരമായ കരുത്തും അനുദിനം ശോഷിച്ചുവരികയാണ്. നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തി. മതനിരപേക്ഷതയിൽ അധിഷ്ഠിതമായ നയമാണ് നമ്മുടേതെന്ന് കോൺഗ്രസ് പറയുമ്പോഴും ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളിയെ ആശയപരമായി നേരിടാൻ അവർക്ക് സാധിക്കുന്നില്ല. പലപ്പോഴും ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചകൾക്ക് വഴങ്ങുകയും ചെയ്യുന്നു. ദുർബലമായ കോൺഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷകക്ഷികളെയും ഒന്നിച്ച് അണിനിരത്താനും കഴിയുന്നില്ല.

അധികാരത്തിലുള്ള ബിജെപിയാണ്, അതിന്റെ ആർഎസ്എസ് അടിത്തറകൂടി പരിഗണിക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയെന്ന് 22--ാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ (ഖണ്ഡിക 2.89) വ്യക്തമാക്കിയിരുന്നു. അതുകൊണ്ട്, കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ അപകടകാരികളായി കണക്കാക്കാനാകില്ല. എന്നിരുന്നാലും കോൺഗ്രസുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കാനാകില്ല. ഇപ്രകാരമുള്ള പാർടിയുടെ രാഷ്‌ട്രീയപ്രമേയ കാഴ്ചപ്പാട് സുവ്യക്തമാണ്. കോൺ്ഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സിപിഐ എമ്മിൽ രണ്ട് പക്ഷം എന്ന വാർത്തകൾ കേവലം ഭാവനാവിലാസം മാത്രമെന്ന് സാരം. ഹിന്ദുത്വവർഗീയതയുടെയും മോദി ഭരണത്തിന്റെയും വിപത്തിനെ ചെറുക്കാനും പരാജയപ്പെടുത്താനും ആശ്രയിക്കാവുന്ന രാഷ്‌ട്രീയശക്തിയല്ല കോൺഗ്രസ്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പും ഇക്കാര്യം അടിവരയിടുന്നു.

പരിസ്ഥിതി, അഴിമതി തുടങ്ങിയ വിഷയങ്ങളിലെല്ലാം വ്യക്തമായ കാഴ്‌ചപ്പാട് സിപിഐ എം രാഷ്‌ട്രീയപ്രമേയം മുന്നോട്ടുവയ്‌ക്കുന്നു. പരിസ്ഥിതി മലിനീകരണം സൃഷ്‌ടിക്കുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കണമെന്നും സുസ്ഥിര ഊർജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തണമെന്നും പ്രമേയം നിർദേശിക്കുന്നു. എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന സിൽവർ ലൈൻ റെയിൽവേ പദ്ധതി പരിസ്ഥിതി മലിനീകരണം വലിയ തോതിൽ കുറയ്‌ക്കുന്നതിനുള്ള നല്ല ചുവടുവയ്പാണ്. പരിസ്ഥിതിക്ക് വലിയ ആഘാതമാകുന്ന ഒരു പദ്ധതിയും എൽഡിഎഫ് സർക്കാർ നടപ്പാക്കില്ല. സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയാണ് നടപ്പാക്കുക. ഇതിനുവേണ്ടിയാണ് പരിസ്ഥിതി ആഘാത പഠനത്തിന് കെ--റെയിൽ കോർപറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനൊപ്പം അഴിമതി വളർത്തുന്നതിലും കേന്ദ്രത്തിലെ ബിജെപി ഭരണം മുന്നിലാണ്. രാഷ്‌ട്രീയ അഴിമതിക്ക് നിയമപരിരക്ഷ നൽകാനാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 2019--20ൽ ഈ ബോണ്ടുകൾ വഴി സമാഹരിച്ച ഫണ്ടിൽ 74 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐയും ഇഡിയും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാൻ സർക്കാരിന്റെ രാഷ്‌ട്രീയ ആയുധമായി മാറിയിരിക്കുന്നതിലെ ആപത്തിലേക്കും പ്രമേയം വെളിച്ചംവീശുന്നു.

ജനങ്ങളുമായി ശക്തമായ ബന്ധവും ബഹുജന അടിത്തറയുമുള്ള വിപ്ലവപാർടിയായി സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കരട് രാഷ്‌ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നത്. ബംഗാളിലും ത്രിപുരയിലും പാർടിക്കെതിരെ നടക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള അക്രമങ്ങളെ പ്രതിരോധിക്കണം. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും രാഷ്ട്രീയപ്രമേയം അടിവരയിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ മോചനത്തിന് വിപ്ലവപരമായി മുന്നോട്ടുപോകുന്നതിനുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ് സിപിഐ എം രാഷ്ട്രീയപ്രമേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+