കൃഷ്ണപിള്ള സ്മാരകം: സിപിഎം-കോണ്‍ വാക്‌പോര്
തിരുവനന്തപുരം: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്തതില്‍ സിപിഎം കോണ്‍ഗ്രസ് വാക് പോര് മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തി.
കൃഷ്ണ പിള്ള സ്മാരക മന്ദിരം തകര്‍ത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കല്ലേറ് ഏറ്റതിന് ആലപ്പുഴയില്‍ ഉണ്ടായ പ്രതികാരമാണിതെന്ന രീതിയിലായിരുന്നു പിണറായി വിജയന്‍റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കൃഷ്മ പിള്ള സ്മാരകം തകര്‍ത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് ഇതിലേക്ക് വഴിവച്ചത്. കോണ്‍ഗ്രസിന് തീരെ സ്വാധീനമില്ലാത്ത സ്ഥലമാണ് സ്മാരകം സ്ഥിതിചെയ്യുന്ന കഞ്ഞിക്കുഴി മേഖല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അക്രമ സംഭവത്തെ ചെന്നിത്തല അപലപിച്ചു.
സിപിഎമ്മാണ് സ്മാരകം തകര്‍ത്തത് എന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ഹീനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. സംഭത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ഡിസിസി സെക്രട്ടറി എഎ ഷുക്കൂര്‍ സിപിഎം തന്നെയാണ് അക്രമത്തിന് പിറകില്‍ എന്ന് പറഞ്ഞിരുന്നു. ഷുക്കൂറിന്‌റെ പ്രസ്താവന നെറികെട്ടതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.പതിവില്‍ നിന്ന് വ്യത്യസ്തമായി സംയമനത്തിന്റെ ഭാഷയാണ് പിണറായി വിജയന്‍ ഉപയോഗിച്ചത്. ഒരു തരത്തിലും പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി ബന്ധുക്കളോ വൈകാരികമായി പ്രതികരിക്കരുതെന്ന് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. എറണാംകുളം റേഞ്ച് ഐജി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.












Click it and Unblock the Notifications