ഇ ഡി യുടെ കാര്യത്തിൽ വി ഡി സതീശന് ഇപ്പോഴെങ്കിലും വെളിച്ചം വീണത് നല്ലകാര്യം: പരിഹാസവുമായി ആനാവൂർ
തിരുവനന്തപുരം: ഇഡിയുടെ കാര്യത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്തും പരിഹസിച്ചും സിപിഎം നേതാവ് ആനാവൂർ നാഗപ്പന്‍. ഏതായാലും ഇ ഡി യുടെ കാര്യത്തിൽ ശ്രീ വി ഡി സതീശന് ഇപ്പോൾ വെളിച്ചം വീണത് നല്ലകാര്യം. സി ബി ഐ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര ഏജൻസികളും ബി ജെ പി സർക്കാരിന്റെ താളത്തിന് തുള്ളുന്ന സംവിധാനങ്ങൾ ആണെന്ന് ഇനി എന്നാണാവോ വി ഡി സതീശന് മനസിലാവുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന കേന്ദ്ര ഏജൻസി മോഡി ഭരണത്തിന്റെ ഉപകാരണമാണെന്ന് ബഹു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞതായി ഇന്നത്തെ പത്രവാർത്തകളിൽ കണ്ടു. സ്വർണ്ണക്കടത്ത് കേസ് സിബിഐ യ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉന്നയിക്കുമ്പോൾ ആണ് ഇ ഡിയ്ക്കെതിരായ നിലപാട് അദ്ദേഹം പറഞ്ഞത്. ആ സമയം അദ്ദേഹത്തിന്റെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി ഇ ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയയാവുകയായിരുന്നു. സിബിഐ കേന്ദ്രസർക്കാരിന്റെ കൂട്ടിലടച്ച കിളിയാണെന്ന് ചൂണ്ടിക്കാണിച്ചത് പരമോന്നത നീതിപീഠമാണ്. അക്കാര്യം പ്രതിപക്ഷ നേതാവ് മറന്ന് പോയതാണോ എന്നറിയില്ല.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി വളരെ നേരത്തെ മുതൽ നടത്തുന്നുണ്ട് എന്നകാര്യം സിപിഐ എം പലതവണ ചൂണ്ടികാണിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ യാഥാർഥ്യങ്ങൾ കണ്ടെത്തണമെന്നും അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ മാത്രം പെടുന്ന കേസല്ലാത്തതിനാൽ കേന്ദ്ര ഏജൻസികളുടെ നിക്ഷ്പക്ഷമായ അന്വഷണം വേണമെന്നും തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടത് എൽഡിഎഫ് സർക്കാരാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ബഹു മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വഷണം ആരംഭിച്ച കേന്ദ്ര ഏജൻസികൾ തുടക്കത്തിൽ ശരിയായ വഴിയ്ക്ക് തന്നെയാണ് അന്വഷണം നടത്തിയിരുന്നത്, എന്നാൽ അന്വഷണം ബിജെപിയിലേയ്ക്കും അവർക്ക് വേണ്ടപ്പെട്ട ചിലരിലേക്കും എത്തുമെന്ന് കണ്ടപ്പോൾ മുതൽ അട്ടിമറി നീക്കം ആരംഭിച്ചു. ആ അട്ടിമറി ശ്രമത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അതിലെ ഒരു പ്രതി നടത്തുന്ന പൊറാട്ട് നാടകങ്ങളും അതേറ്റ് പിടിച്ച് ചില മാധ്യമങ്ങളും പ്രതിപക്ഷവും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും.
ഏതായാലും ഇ ഡി യുടെ കാര്യത്തിൽ ശ്രീ വി ഡി സതീശന് ഇപ്പോൾ വെളിച്ചം വീണത് നല്ലകാര്യം. സിബിഐ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര ഏജൻസികളും ബിജെപി സർക്കാരിന്റെ താളത്തിന് തുള്ളുന്ന സംവിധാനങ്ങൾ ആണെന്ന് ഇനി എന്നാണാവോ ശ്രീ വി ഡി സതീശന് മനസിലാവുക.- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.
തിരുവനന്തപുരത്തെ നേമം കോച്ചിങ് ടെർമിനൽ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിങ്ങും നിർത്തലാക്കിയ സംഭവത്തില്‍ കേന്ദ്ര സർക്കാറിനെതിരേയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. ലോകമാകെ കോവിഡ് പടർന്ന് പിടിച്ചപ്പോൾ മറ്റ് രാജ്യങ്ങൾ അവരുടെ തീരത്ത് ക്രൂ ചെയ്ഞ്ചിങ്ങിന് അനുമതി നിഷേധിച്ചപ്പോൾ ക്രൂ ചെയ്ഞ്ചിങ്ങിന് സൗകര്യമൊരുക്കിയത് തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം ആയിരുന്നു. 2020 ജൂലൈ 15 മുതൽ തുടക്കമിട്ട ക്രൂ ചെയ്ഞ്ചിൽ ഇത് വരെ 731 കപ്പലുകളാണ് വിഴിഞ്ഞം തീരത്തെ ഇതിനായി ഉപയുക്തമാക്കിയത്. അത് വഴി 10 കോടിയോളം രൂപ വരുമാനമായി ലഭിച്ചു. ക്രൂ ചെയ്ഞ്ചിങ്ങിനുള്ള മികച്ച സൗകര്യം കണക്കിലെടുത്ത് നിരവധി കപ്പലുകൾ ഇവിടെ ക്രൂ ചെയ്ഞ്ചിങ്ങിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ പൂർത്തിയാകുന്ന അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് മുതൽക്കൂട്ടാകേണ്ട ഈ സൗകര്യം നിർത്തലാക്കാൻ ഇപ്പൊൾ കേന്ദ്രസർക്കാർ ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം. സംസ്ഥാനത്തിന്റെയാകെ വികസനത്തിന് കുതിപ്പ് പകരുന്ന സൗകര്യങ്ങൾ ഇല്ലായ്മ ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് തുരങ്കം വയ്ക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിൽ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബിജെപി സർക്കാരിനെതിരെ സിപിഐഎം ഉം എൽഡിഎഫും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications