Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്കെതിരെ നിര്‍ണായക നീക്കം; ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാൻ ആലോചന; ഓര്‍ഡിനന്‍സ് കൊണ്ടുവരും

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി സി പി എം. ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരും. സി പി എം സംസ്ഥാന സമിതി ഇതിന് വേണ്ടി അനുമതി നല്‍കി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കാനാണ് സി പി എം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാര്‍ തേടും.

കൂടാതെ ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടുമായി യോജിച്ച് പ്രക്ഷോഭം നടത്താനും ആലോചനയുണ്ട്. ഈ പ്രക്ഷോഭത്തില്‍ സീതാറാം യെച്ചൂരിയും ഡി രാജയും ഡി എം കെ നേതാക്കളും പങ്കെടുക്കും. സര്‍വ്വകലാശാല വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

cpm

കേരള നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും തെരഞ്ഞെടുത്ത് അയക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ താല്‍പ്പര്യത്തിനൊത്തു നില്‍ക്കുന്ന ഒരാളെക്കൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ അട്ടിമറിച്ചുകളയാമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരള നിയമസഭ നല്‍കിയതാണ്. എന്നിട്ട് ആ പദവിയില്‍ ഇരുന്ന് കേരളത്തിലെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ആദ്യം അധ്യാപകര്‍ കൊള്ളില്ലെന്നു പറഞ്ഞു. പിന്നെ തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിന്‍ഡിക്കറ്റ് എന്നിവയ്‌ക്കെതിരെ തിരിഞ്ഞു. ഇപ്പോള്‍ വിസിമാരെ പുറത്താക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ ചോദ്യംചെയ്യപ്പെടാത്ത വിസിമാരുടെ നിയമനത്തെയാണ്, ചോദ്യംചെയ്യപ്പെട്ട ഒന്നിന്റെ പേരില്‍ നിയമപരമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജുഡീഷ്യറിക്കുംമേലെയാണ് എന്നാണ് ഭാവം. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല, പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ഇടങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ രാഷ്ട്രീയ കരുക്കളായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍മാര്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട്.

കേരളത്തിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ അതിനെ സ്വാഗതംചെയ്തവരാണ് ഇവിടത്തെ കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. കാരണം ഡിസിസി സെക്രട്ടറിയെയും സ്‌കൂള്‍ മാഷിനെയുമൊക്കെ വൈസ് ചാന്‍സലര്‍ ആക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, അതല്ല ഇടതുപക്ഷം. യോഗ്യത ഇല്ലാത്ത ഒറ്റയാള്‍ പോലും ഇടതുപക്ഷ ഭരണകാലത്ത് നിയമിതരായിട്ടില്ല.

വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെപ്പോലും മറികടന്ന് സര്‍വകലാശാലകളില്‍ ഇടപെടുകയും അവയുടെ സ്വയംഭരണാധികാരം തകര്‍ക്കുകയുമാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമാണ്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമം നിര്‍മിക്കാനുള്ള അധികാരമുണ്ട്. സംസ്ഥാനത്തിന്റെ നിയമം കേന്ദ്ര നിയമത്തിന് എതിരാകുന്നത് ഏതു വ്യവസ്ഥ മുന്‍നിര്‍ത്തിയാണോ ആ വ്യവസ്ഥ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമവിരുദ്ധമാകുന്നുള്ളൂ. കേന്ദ്ര നിയമവുമായി ഒരുവിധത്തിലും വൈരുധ്യമില്ലാത്ത സംസ്ഥാന നിയമത്തിലെ വ്യവസ്ഥകളെ നഗ്‌നമായി ലംഘിക്കാന്‍ എവിടെയും ആര്‍ക്കും അധികാരമൊന്നുമില്ല.

ഗവര്‍ണറാണ് ഭരണഘടനപ്രകാരം നിയമിതനായ അധികാരി. ചാന്‍സലര്‍ ഇങ്ങനെ നിയമിതനായ ആളല്ല. ചാന്‍സലര്‍ക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റെയല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല എന്നര്‍ഥം. യൂണിവേഴ്‌സിറ്റികളാണ് അവയുടെ നിയമപ്രകാരം ചാന്‍സലറെ എക്‌സ് ഒഫീഷ്യോയായി നിയമിക്കുന്നത്. ആ നിയമനം യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമുള്ളതാണ്. ആ നിയമത്തില്‍ പറയുന്ന അധികാരമേ ഉപയോഗിക്കാന്‍ അധികാരമുള്ളൂവെന്ന് ചുരുക്കം.ചാന്‍സലര്‍ ഒരു പ്രാവശ്യം വൈസ് ചാന്‍സലറെ നിയമിച്ചുകഴിഞ്ഞാല്‍, ആ ചാന്‍സലര്‍ അതുമായി ബന്ധപ്പെട്ട അധികാരം പൂര്‍ണമായി ഉപയോഗിച്ചു കഴിഞ്ഞുവെന്നതാണ് നിയമത്തിന്റെ നില. ഫങ്റ്റസ് ഒഫീഷ്യോ എന്നുപറയും. അധികാരം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞുവെന്നു ചുരുക്കം. പിന്നീട് വൈസ് ചാന്‍സലര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമേ സാധ്യമാകൂ- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+