അന്‍വറിനെ കൈവിട്ട് സിപിഎമ്മും, 'പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്ന പരസ്യപ്രതികരണം വേണ്ട'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കൈവിട്ട് സിപിഎമ്മും. മാധ്യമങ്ങള്‍ വഴി പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും ആണ് അന്‍വര്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിക്കും അന്‍വര്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും പാര്‍ട്ടിയുടെ പരിഗണനയിലുമാണ് എന്നും സിപിഎം ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ സര്‍ക്കാരിനും പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും സിപിഎം വ്യക്തമാക്കി.

അന്‍വര്‍ ഈ നിലപാടില്‍ നിന്ന് പിന്തിരിയണം എന്നും സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പിവി അന്‍വറിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിണറായി തള്ളിയിരുന്നു. അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത് എന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത് എന്നും പിണറായി പറഞ്ഞിരുന്നു.
'ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്റെ അടുത്ത് വരണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്?' മുഖ്യമന്ത്രി ചോദിച്ചു.
അജിത് കുമാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് യുക്തമായ തീരുമാനം കൈക്കൊള്ളും എന്നും പിണറായി പറഞ്ഞിരുന്നു. ആരോപണ വിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്താണെന്നും തെളിവ് എന്താണെന്നും അന്വേഷിച്ച് കണ്ടെത്തുകയുമാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications