സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയില്‍; പഴയ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും
തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്‍ ഡി എഫ് നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് 6 മാസം മുന്‍പാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

അതേസമയം സജി ചെറിയാന് എതിരായ കേസ് അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരാമനില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിച്ചത്.
മന്ത്രിയെ നിയമിക്കുന്നതും പിന്‍വലിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ് എന്നാണ് ഭരണഘടനയില്‍ പറയുന്നത്. അത് അംഗീകരിക്കാതെ സത്യപ്രതിജ്ഞ തടയുന്നത് ഭരണഘടനാ വിരുദ്ധമാകും എന്ന നിയമോപദേശമാണ് ഗവര്‍ണര്‍ക്ക് അറ്റോര്‍ണി ജനറലില്‍ നിന്ന് ലഭിച്ചത്.
അതേസമയം മുന്‍പ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാനു ലഭിക്കുക. സജി ചെറിയാന്‍ രാജി വെച്ചപ്പോള്‍ ഫിഷറീസ് വി അബ്ദുറഹിമാനും സാംസ്‌കാരികം വി എന്‍ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്തിരുന്നത്.
മാത്രമല്ല സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ സ്റ്റാഫിലേക്കു പുനര്‍വിന്യസിച്ചിരുന്നു. സജി ചെറിയാന്‍ തിരികെ വരുന്നതോടെ അവരേയും തിരിച്ച് വിളിക്കും. അതിനിടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
സജി ചെറിയാന് എതിരായ കേസ് കോടതിയില്‍ നടക്കുകയാണ് എന്നും തിരിച്ചുവിളിക്കുന്നത് ഭരണഘടനാലംഘനമാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം സജി ചെറിയാനെതിരായ കേസ് തിരുവല്ല കോടതി നാളത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് സിബിഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമാകുന്നത് വരെ സജി ചെറിയാനു ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് നാളത്തേക്കു മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications