'ഇസ്ലാമിക തീവ്രവാദികൾ കൊന്നു, ഹിന്ദുത്വ തീവ്രവാദികൾ ആഘോഷിക്കുന്നു', ഡാനിഷ് വധത്തിൽ വി ശിവദാസൻ
റോയിട്ടേഴ്സിന്റെ വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് ആയ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമാണ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊവിഡുമായി ബന്ധപ്പെട്ട് ഡാനിഷ് പകർത്തിയ ചിത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കുന്നുണ്ട്. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അനുശോചിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിപിഎം രാജ്യസഭാ എംപി ഡോ. വി ശിവദാസൻ.
വി ശിവദാസൻ എംപിയുടെ പ്രതികരണം: '' ഈ ജീവിതങ്ങൾ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്ത ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ അഫ്ഫാനിസ്ഥാനിലെ കാണ്ഡഹാറിൽ വച്ച് താലിബാൻ തീവ്രവാദികൾ കൊന്നുകളഞ്ഞിരിക്കുന്നു. ഇസ്ലാമിക തീവ്രവാദികളാണ് ഡാനിഷിനെ കൊന്നത്. ഇന്ത്യയിൽ അതാഘോഷിക്കുന്നത് ഹിന്ദുത്വ തീവ്രവാദികളും. ഡാനിഷ് മനുഷ്യനൊപ്പമായിരുന്നു. വേദനിക്കുകയും വേട്ടയാടപ്പെടുകയും അധികാരത്തോട് കലഹിക്കുകയും അതിജീവനത്തിനായി നരകിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കൂടെ.

അയാൾ പകർത്തിയ ചിത്രങ്ങൾ നോക്കൂ. ഒരൊറ്റ ദൃശ്യം ലോകത്തോട് ആവർത്തിച്ച് പറയുന്ന സത്യങ്ങൾ നമുക്ക് കാണാം. ജീവിതത്തിൻ്റെ കര തേടാൻ വെമ്പുന്ന മനുഷ്യരെ അയാൾ പകർത്തിക്കൊണ്ടേയിരുന്നു. നമ്മൾ ജീവിക്കുന്ന കാലം എത്രമേൽ ദുരിതപൂർണമാണെന്ന്, നമ്മെ ഭരിക്കുന്നവർ മനുഷ്യത്വത്തെ എങ്ങനെയെല്ലാം കൊന്നുകളയുന്നുവെന്ന് ഡാനിഷിൻ്റെ കാമറ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ശ്വാസം കിട്ടാതെ പിടയുന്ന മനുഷ്യരും, തെരുവിൽ ഭ്രാന്ത് പിടിച്ച ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുന്നവരും, ജനാധിപത്യത്തിന് നേരെ തോക്ക് ചൂണ്ടപ്പെടുന്നതും, നഗരങ്ങളിൽ നിന്നും അനാഥരാക്കപ്പെട്ട് ഗ്രാമങ്ങളിലേക്ക് തിരികെ നടക്കുന്നവരും... അങ്ങനെ എന്തെല്ലാം ക്രൂരമായ സത്യങ്ങളാണ് ഡാനിഷിൻ്റെ ലെൻസുകൾ ഒപ്പിയെടുത്തത്. മനുഷ്യപക്ഷത്തേക്ക് ഫോക്കസ് ചെയ്യാൻ ഡാനിഷ് ഇനി ഇല്ല. അയാൾ ഇല്ലാതാകേണ്ടത് എല്ലാ തീവ്രവാദികളുടെയും ആവശ്യമായിരുന്നു. ഡാനിഷ് ജീവിച്ചിരിക്കേണ്ടത് കര തേടുന്ന മനുഷ്യരുടെയും. പ്രിയപ്പെട്ട ഡാനിഷ്
Recommended Video
നന്ദി. മനുഷ്യരെ പകർത്തിയതിന്, ജീവിതത്തെ അടയാളപ്പെടുത്തിയതിന്,
എന്തൊരു കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് നിരന്തരം ഓർമ്മിപ്പിച്ചതിന്..
വിട..''












Click it and Unblock the Notifications