ഏക സിവില്‍ കോഡ്; സിപിഎം പ്രക്ഷോഭത്തിന്, മുസ്ലിം ലീഗിനും സഹകരിക്കാം, സമസ്തയ്ക്ക് സ്വാഗതം
തിരുവനന്തപുരം: ഹിന്ദുത്വ അജണ്ടയായ ഏക സിവില്‍ കോഡിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആദ്യ പരിപാടിയായി കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കുമെന്നും വര്‍ഗീയ വാദികളല്ലാത്ത എല്ലാവരെയും ക്ഷണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗും സമസ്തയും ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നിരുന്നു. പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. മുസ്ലിം ലീഗിനും സിപിഎമ്മിന്റെ പ്രക്ഷോഭത്തില്‍ സഹകരിക്കാമെന്ന് ഗോവിന്ദന്‍ പറഞ്ഞു. സമസ്തയെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും. ഭരണഘടനയെ സംരക്ഷിക്കണം. ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ഏക സിവില്‍ കോഡിനെതിരെ ഒന്നിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നത് പോലെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. വര്‍ഗീയ കക്ഷികളല്ലാത്ത എല്ലാവരെയും ക്ഷണിക്കും. മുസ്ലിം ലീഗിന് സഹകരിക്കാം. സമസ്തയെ പരിപാടികളിലേക്ക് ക്ഷണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യപരമായി ഈ അപകടം തിരിച്ചറിഞ്ഞ എല്ലാവരെയും പങ്കെടുപ്പിച്ചാകും പ്രചാരണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയെ ക്ഷണിക്കുന്നതിന് ഞങ്ങള്‍ക്ക് പ്രയാസമില്ല. ഏക സിവില്‍ കോഡ് വന്നാല്‍ ജനാധിപത്യം അവസാനിക്കും. ഫാഷിസത്തിലേക്ക് വരും. എല്ലാവരുമായും യോജിച്ച് ഇതിനെതിരെ പോരാടും. കോണ്‍ഗ്രസിന് ഉത്തരേന്ത്യയിലും കേരളത്തിലും വ്യത്യസ്തമായ നിലപാടാണുള്ളത്. കോണ്‍ഗ്രസ് നിലപാടിനോട് വിയോജിപ്പുള്ള വലിയൊരു വിഭാഗം മുസ്ലിങ്ങളുണ്ടെന്നും ഗോവിന്ദന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഏക സിവില്‍ കോഡ് പ്രക്ഷോഭത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കില്ല. അവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലപാട് വ്യക്തമാക്കിയ ശേഷം കോണ്‍ഗ്രസിനെ ക്ഷണിക്കുന്ന കാര്യം ആലോചിക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു. വിപുലമായ ഐക്യ പ്രസ്ഥാനമാണ് ആലോചിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. രാജ്യത്തിന്റെ നിലനില്‍പ്പാണ് ഇവിടെ വിഷയമെന്നും ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications