ജനിച്ചാല്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലും, ജനിക്കും മുന്‍പ് ചവിട്ടിക്കൊല്ലും: ടി സിദ്ദിഖ്
കോഴിക്കോട്: സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേക്കാള്‍ തരംതാണിരിക്കുകയാണ് വടകര റൂറല്‍ എസ് പിയെന്നും നേതാക്കളുടെ താത്പര്യങ്ങള്‍ നടപ്പാക്കുന്ന പാര്‍ട്ടി ഘടകമായി പൊലീസ് അധ:പതിച്ചെന്നും ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. സി പി എമ്മിന്റെ കൂടെ കക്ഷിചേര്‍ന്ന് ജില്ലയില്‍ പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ പ്രഭവകേന്ദ്രം റൂറല്‍ എസ് പിയാണ്. ഒഞ്ചിയം മേഖലയില്‍ സി പി എം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൊലീസ് എല്ലാ ഒത്താശയും ചെയ്യുകയാണെന്ന് സിദ്ദിഖ് ആരോപിച്ചു.
ജനിച്ചാല്‍ വെട്ടിക്കൊല്ലും ജനിക്കുന്നതിന് മുമ്പ് ചവിട്ടിക്കൊല്ലുമെന്ന അവസ്ഥയിലാണ് കേരളത്തിലെ ക്രമസമാധാന നില സി പി എം എത്തിച്ചിരിക്കുന്നത്. കൊലപാതകികള്‍ക്കുവേണ്ടി ഭരിക്കുന്ന സര്‍ക്കാറാണ് പിണറായി വിജയന്റേത്. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലചെയ്യപ്പെട്ട സ്ഥലത്തെത്തി അന്വേഷണം നടത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

അവിടെ കാവല്‍ ഏര്‍പ്പെടുത്താനോ വീട് സന്ദര്‍ശിച്ച് പിതാവിന്റെ മൊഴിയെടുക്കാനോ പൊലീസിന് കഴിയാത്ത വിധം രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കയാണ്. ന്യൂനപക്ഷ ക്ഷേമം പ്രസംഗിക്കുന്ന സി പി എം തന്നെയാണ് അസ്‌ലമിനെയും അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും ഏറ്റവും ഒടുവില്‍ ഷുഹൈബിനെയും വധിച്ചത്. ഇരകള്‍ക്കൊപ്പം നിലകൊള്ളാതെ വേട്ടക്കാരോട് അഡാര്‍ ലൗ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ ഈ മൗനം തന്നെയാണ് കോഴിക്കോട് ജില്ലയില്‍ അക്രമം വ്യാപിപ്പിക്കാന്‍ സി പി എമ്മിന് പ്രചോദനം. ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയില്‍ ആര്‍ എം പി പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. സംരക്ഷിക്കാനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ആര്‍ എം പി നേതാവ് എന്‍ വേണുവിനെതിരെ 308 ാം വകുപ്പ് പ്രയോഗിച്ച് കേസെടുത്ത പൊലീസ് വീടുകയറി അക്രമിച്ച സി പി എമ്മുകാരെ സംരക്ഷിക്കുന്നു.
കോടഞ്ചേരിയില്‍ ഗര്‍ഭിണിയുടെ വയറിന് ചവിട്ടി ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സി പി എം പ്രാദേശിക നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഒഞ്ചിയം, കോടഞ്ചേരി സംഭവങ്ങളില്‍ സി പി എം ഒന്നാം പ്രതിയും പൊലീസ് രണ്ടാം പ്രതിയുമാണ്. ആര്‍ എം പിയെ തുടച്ചുനീക്കാനുള്ള ഏത് ജനാധിപത്യവിരുദ്ധ ശ്രമത്തെയും കോണ്‍ഗ്രസ് എതിര്‍ത്ത് തോല്‍പ്പിക്കും. കെ കെ രമയ്ക്കും ജോത്സ്‌നയ്ക്കുമെതിരെ സി പി എം സൈബര്‍ പോരാളികള്‍ നടത്തുന്ന നിന്ദ്യമായ പ്രചാരണം പാര്‍ട്ടി നേതൃത്വത്തിന്റെ മൗനസമ്മതത്തോടെയാണ്.
മനുഷ്യാവകാശത്തെപ്പറ്റിയും സ്ത്രീ പക്ഷ രാഷ്ട്രീയത്തെക്കുറിച്ചും വാചാലരാവുന്ന സംസ്ഥാന-ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. കൊലപാതകികള്‍ക്ക് കൊല നടത്താന്‍ വേണ്ടി മാത്രമുള്ള ഭരണത്തിന്‍ കീഴില്‍ ഇരട്ടനീതി നടപ്പാക്കുന്ന പൊലീസ് നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കും. ഗോദ്രയില്‍ ബി ജെ പി ചെയ്തപോലെ ഗര്‍ഭിണികളെയും സ്ത്രീകളെയും അക്രമിച്ച് കലാപം ഉണ്ടാക്കി മുതലെടുക്കാനാണ് സി പി എം ശ്രമം. മന:പൂര്‍വം കലാപമുണ്ടാക്കാനായി ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചതും ജില്ലാ കമ്മിറ്റി ഓഫിസിന് ബോംബെറിഞ്ഞതും പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. നാളിതുവരെ സംഭവത്തില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 21ന് വൈകീട്ട് മൂന്നിന് ഡി സി സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. 'അറുകൊല നിര്‍ത്തൂ മാര്‍ക്‌സിസ്റ്റുകളേ' എന്ന മുദ്രാവാക്യമുയര്‍ത്തി 26ന് എല്ലാ ബ്ലോക്ക് തലങ്ങളിലും രക്തസാക്ഷി -ഷുഹൈബ് അനുസ്മരണം സംഘടിപ്പിക്കും.
നഗരത്തിലെ നാല് ബ്ലോക്കുകളുടെ പരിപാടി ഒരുമിച്ചാണ് നടത്തുക. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തില്‍ ഡിസിസിയും പങ്ക് ചേരും. കൊയിലാണ്ടി മേഖലയില്‍ സി പി എമ്മും ബി ജെ പിയും നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ രണ്ട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി ഭാരവാഹികളായ പി എം അബ്ദുറഹ്മാന്‍, ചോലയ്ക്കല്‍ രാജേന്ദ്രന്‍ സംബന്ധിച്ചു.












Click it and Unblock the Notifications