• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയറുടെ കത്ത്, സര്‍വ്വകലാശാല വിവാദങ്ങളില്‍ സിപിഎമ്മിന് അതൃപ്തി; പരിശോധിക്കാന്‍ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദത്തിലും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം മേയറുടെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. മേയറുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ഇപ്പോഴുള്ള ധാരണ. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യം സി പി എം വിശദമായി പരിശോധിക്കും. ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സി പി എം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, മെയര്‍ കത്ത് വിവാദത്തില്‍ സി പി എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷവിമര്‍ശനമാണ് ഇന്ന് ഉന്നയിച്ചത്. കോര്‍പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കാണ് മേയര്‍ കത്ത് നല്‍കിയത്. കത്ത് നശിപ്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയാണ്. തെളിവ് നശിപ്പിച്ചതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കുന്നതിന് പകരം ഫോണില്‍ കൂടി മൊഴിയെടുക്കുന്ന പുതിയ രീതിയാണ് പൊലീസ് നടപ്പാക്കിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആരോപണവിധേയരാകുന്ന കേസില്‍ ഫോണില്‍ മൊഴിയെടുക്കാന്‍ പൊലീസ് തയാറാകുമോ? എന്നു മുതലാണ് പൊലീസ് അടിപ്പണി തുടങ്ങിയത്? ഇത്രയും അധഃപതിച്ചോ കേരളത്തിലെ പൊലീസ്? ആര്‍ക്കും വിശ്വാസ്യതയില്ലാത്ത സ്ഥാപനമായി പൊലീസ് മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും അന്വേഷണം അട്ടിമറിച്ച് സ്വന്തക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇത്രയും വലിയൊരു നിയമന തട്ടിപ്പ് നടന്നിട്ടും അത് തേയ്ച്ച്മായ്ച്ച് കളയാന്‍ മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്.

ആനാവൂര്‍ നാഗപ്പന്‍ എന്നു മുതലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയത്? പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആയതിന് പിന്നാലെ എംപ്ലോയ്മെന്റ് എക്സേഞ്ചും കൂടി തുടങ്ങിയിരിക്കുകയാണ്. ഭരണത്തിന് കീഴില്‍ എന്തും നടക്കുമെന്ന ഭാവമാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ മുറിവേറ്റിരിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ക്ക് ഇല്ലാതായി. സ്വന്തക്കാരായ താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും ജോലി നല്‍കുന്നില്ല. ഇതിനെതിരായ സമരങ്ങളെ അടിച്ചമര്‍ത്താമെന്നു കരുതേണ്ട. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ സമരമുണ്ടാകും. സമരം യു.ഡി.എഫ് ഏറ്റെടുക്കും.

ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങളാണ് വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയിരിക്കുന്നത്. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടിക്കാരെ മുഴുവന്‍ കുത്തിനിറയ്ക്കുന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടി എന്ത് അതിക്രമവും ചെയ്യുമെന്നതിന് ഉദാഹരണമാണ് പ്രിയ വര്‍ഗീസിന്റെ നിയമനം. 25 വര്‍ഷത്തെ അധ്യാപന പരിചയവും അഭിമുഖത്തില്‍ 651 സ്‌കോറും ലഭിച്ച ആളെ ഒഴിവാക്കി 156 സ്‌കോര്‍ മാത്രം ലഭിച്ച പാര്‍ട്ടി നേതാവിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കി നിയമിക്കാന്‍ ഈ സര്‍ക്കാരിന് നാണമില്ലേ? ഏത് കോടതിയില്‍ പോയാലും രക്ഷയില്ല. അപ്പീല്‍ പോയാല്‍ മേല്‍ കോടതികളുടെ വായില്‍ ഇരിക്കുന്നത് കൂടി കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
CPM Secretariat unhappy with Mayor's letter and university appointment controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X