'കലാപമുണ്ടാക്കാനുള്ള ശ്രമമാണ്, ഉത്തരേന്ത്യൻ സ്റ്റൈലാണിത്, തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല'
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സി പി എം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ. അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വീഴ്ച ഉണ്ടായെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫിസിൽത്തന്നെ ഇങ്ങനെ ഒരു പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടക്കുകയും ചെയ്യും. ഓരോ പുകമറ ഉണ്ടാക്കാനുള്ള ശ്രമമാണ്. മന്ത്രിയുടെ ഓഫിസിൽനടന്ന അഴിമതി എന്ന രീതിയിൽ വ്യാപക പ്രചാര വേല നടത്തുകയാണ്. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തി എന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത്, അവിടെ എങ്ങനെയാണോ ബി ജെ പി മാർച്ച് സംഘടിപ്പിച്ചത്. ഇതൊക്കെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്.

ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയാണ്. ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിന്‍റിൽ ചാപ്പകുത്തി, എവിടെയോ മൃഗീയമായി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചു എന്ന വാർത്ത വലിയ ജനപിന്തുണ നേടാനാകുന്ന വാർത്തയാണ് . അവർ തന്നെ സ്വയം ചെയ്തതാണെന്നും ബി ജെ പി തന്നെ പ്ലാൻ ചെയ്ത് അത്തരത്തിൽ വാർത്ത സംഘടിപ്പതാണെന്നും പുറത്തുവന്നപ്പോൾ ഇപ്പോൾ മിണ്ടാട്ടമില്ല.
പരാതിയുടെ വസ്തുത അന്വേഷിക്കാതെയാണോ മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ടത്. സൈനികനും അയാളെ സഹായിച്ച സുഹൃത്തും കസ്റ്റഡിയിലായപ്പോൾ മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. ഇനി വീണ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന പരാതിയുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ അന്വേഷണം സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. അന്വേഷണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും', എം വി ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സി ഐ ടി യു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. റിട്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണ് ഇത് സംബന്ധിച്ച് മന്ത്രിക്കു പരാതി നൽകിയത്.












Click it and Unblock the Notifications