ബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎം
തിരുവനന്തപുരം: എൽഡിഎഫിൽ ഉഭയകക്ഷി ചർച്ച നടത്തി ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിലെ ചുമതലകളിൽ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി യോഗത്തിൽ അടുത്തയാഴ്ച ഇത് സംബന്ധിച്ച് ചർച്ചകൾ നടത്താമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിക്കുകയായിരുന്നു. സിപിഐ, കേരള കോൺഗ്രസ് എം എന്നീ രണ്ട് ഘടകകക്ഷികളുമായി രണ്ടുതവണ ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് സൂചന.
അതേസമയം, സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ നയരേഖയിൽ പ്രവർത്തകർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ ലാളിത്യവും സത്യസന്ധതയും വിനയവും പുലർത്തണമെന്നും സിപിഎം നിർദേശമുണ്ട്. തുടർഭരണം ലഭിച്ചാൽ പാർട്ടിക്ക് അഹങ്കാരമുണ്ടാകുമെന്ന ചിന്ത തെരഞ്ഞെടുപ്പ് കാലത്ത് പ്രബലമായിരുന്നതായും പാർട്ടി വിലയിരുത്തലുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മിൻ്റെ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലെ തലപ്പത്തേക്കുള്ള ചുമതലകൾ നടപ്പിലാക്കും. വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി. അടുത്തയാഴ്ച ചർച്ച തുടങ്ങാമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇടതുമുന്നണി യോഗത്തെ അറിയിച്ചത്.
ഓരോ കക്ഷികളുടെയും മന്ത്രിമാരുടെ വകുപ്പുകൾക്ക് കീഴിലെ ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങൾ സാധാരണഗതിയിൽ അതാത് കക്ഷികൾക്ക് തന്നെയായിരിക്കും. സിപിഎമ്മിൻ്റെ ഘടകകക്ഷികളായ സിപിഐ, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളുമായി രണ്ടുഘട്ടമായി ചർച്ച നടത്താനും സാധ്യതയുണ്ട്.

പിണറായി മന്ത്രിസഭയിൽ മന്ത്രിപദം ലഭിച്ചിട്ടില്ലാത്ത എൽജെഡിയുടെ കാര്യത്തിലും രണ്ടര വർഷം മാത്രം മന്ത്രിസ്ഥാനമുള്ള കേരള കോൺഗ്രസ് ബി എന്നിവരുടെ കാര്യത്തിലും ചർച്ചകൾ അന്തിമമാകുന്നതോടെ വ്യക്തത വന്നേക്കും. ഏതൊക്കെ പദവികൾ ആർക്കൊക്കെ വിട്ടു നൽകണമെന്ന കാര്യത്തിലും കോടിയേരിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം തീരുമാനമെടുത്തേക്കും. ചർച്ചകളും കൂടിയാലോചനകളും നടത്തി മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.

ബോർഡ് കോർപ്പറേഷൻ പദവികളിൽ കൂടുതൽ പ്രാതിനിധ്യമുള്ളത് സിപിഎമ്മിനും സിപിഐക്കുമാണ്. എന്നാൽ, ചിലത് മറ്റു കക്ഷികൾക്കും വിട്ടു നൽകാൻ സാധ്യതയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നീ രണ്ട് ഘടകകക്ഷികൾക്കും നിലവിൽ മന്ത്രിസ്ഥാനമുണ്ട്.
എന്നാൽ, ഇവർക്ക് കീഴിലെ ബോർഡ് - കോർപ്പറേഷൻ പദവികളുടെ ചുമതല വരുന്ന അഞ്ചു വർഷക്കാലത്തേക്ക് ഇവർക്ക് തന്നെയാകുമോ എന്നതിലും വ്യക്തത വരണം. ഇതിനോടകം തന്നെ ആസൂത്രണബോർഡ് അടക്കമുള്ള ചിലസ്ഥാനങ്ങൾ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്.

അതേസമയം, സർക്കാരിന് തുടർഭരണം ലഭിച്ചാൽ പാർട്ടിക്ക് അഹങ്കാരമുണ്ടാകുമെന്ന വിലയിരുത്തൽ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ പ്രബലമായിരുന്നതായി സിപിഎം കണ്ടെത്തി. ബ്രാഞ്ച്,ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാർട്ടിയുടെ കണ്ടെത്തൽ.
പ്രവർത്തകർ ജനങ്ങളുമായി ഇടപഴകുമ്പോൾ വിനയം പുലർത്തണമെന്നും സിപിഎം നേതാക്കളോടും പ്രവർത്തകരോടും നിർദ്ദേശിക്കുന്നു. സത്യസന്ധവും ലാളിത്യവും നിറഞ്ഞ പെരുമാറ്റമായിരിക്കണം ഓരോ സഖാക്കളുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടതെന്നും നയരേഖയിൽ വ്യക്തമാക്കുന്നു.

തുടർ ഭരണമുണ്ടായാൽ എൽഡിഎഫിന് അഹങ്കാരം വർധിക്കുമെന്ന യുഡിഎഫിൻ്റെ പ്രചാരണവും ഉണ്ടായിരുന്നതായി വിലയിരുത്തലുണ്ട്. യുഡിഎഫിൽ മാത്രമല്ല സാധാരണക്കാർക്കിടയിൽ പോലും ഇത്തരത്തിൽ പ്രചാരണം നടത്തിയവരുമുണ്ട്. അവരെ തിരിച്ചറിയണം. പിണറായി സർക്കാരിന് വീണ്ടും അധികാരം ലഭിച്ച പശ്ചാത്തലത്തിൽ പാർട്ടിയുടെ മനോഭാവത്തിൽ വലിയ മാറ്റം വേണമെന്നാണ് സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സിപിഎമ്മിൽ പൊതു കാര്യങ്ങളിൽ ഇടപെട്ട് പ്രതികരിക്കുന്ന വിധത്തിലുള്ള സ്വഭാവഗുണവും പൊതുഅംഗീകാരവുമുള്ളവരായി പാർട്ടി അംഗങ്ങൾ മാറണം. വ്യത്യസ്ത സാഹചര്യങ്ങളിൽ പോലും സിപിഎം അണികളും നേതാക്കളും പുലർത്തേണ്ട സത്യസന്ധത അതേപടി തുടരണം.
പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി സഖാക്കൾ ഇടപെടുമ്പോൾ അവരുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള മോശം പെരുമാറ്റവും ഉണ്ടാകരുത്.പ്രവർത്തനത്തിന് വിപരീതമായ ഒന്നും സംഭവിക്കാൻ പാടില്ലെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ നയരേഖയിൽ പരാമർശിക്കുന്നുണ്ട്.
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്












Click it and Unblock the Notifications