ബംഗാൾ ഉൾക്കടലിൽ 'ദന' ചുഴലിക്കാറ്റ്; ബുധനാഴ്‌ചയോടെ രൂപപ്പെടും, കേരളത്തിന് ഭീഷണിയോ? മഴ തുടരും
തിരുവനന്തപുരം: ആൻഡമാൻ കടലിന് മുകളിലായി നിലകൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സീസണിൽ ഇവിടെ ഉണ്ടാവുന്ന ആദ്യ ചുഴലിക്കാറ്റിന് ദന എന്നാണ് പേര് നൽകിയിരിക്കുന്നത്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആദ്യത്തെ ചുഴലിക്കാറ്റായ ദന ബുധനാഴ്ച്ചയോടെ രൂപപ്പെടും എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മേഖലയിലെ ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ദന കേരളത്തിന് ഭീഷണിയാവാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ബംഗാൾ-ഒഡീഷ തീരം ലക്ഷ്യമാക്കിയാവും ദന നീങ്ങുക. ഒക്ടോബർ 24 രാവിലെയോടെ ചുഴലിക്കാറ്റ് ഒഡീഷ-ബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ഏത് രീതിയിൽ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.

ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തുലാവർഷത്തോട് അനുബന്ധിച്ചുള്ള മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ കേരളത്തിലെ മഴ സാഹചര്യം കണക്കിലെടുത്ത് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്‌ചയാവട്ടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുണ്ടാവുക. ഈ ദിവസങ്ങളിൽ മേൽപറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ മഴ ശക്തമായി തുടരാനാണ് ഇനിയുള്ള ദിവസങ്ങളിൽ സാധ്യത. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും പെയ്യുക. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നേരത്തെ കാലവർഷം പിൻവാങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ തുലാമഴ കൂടുതൽ ശക്തിപ്പെട്ടത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും ഇത് നിലവിലുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനുമാണ് സാധ്യത പ്രവചിക്കപ്പെടുന്നത്. കടലാക്രമണത്തിനുള്ള സാധ്യതയും പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഉൾപ്പെടെ ഒഴിവാക്കാനാണ് നിർദ്ദേശം.












Click it and Unblock the Notifications