യുപിയില്‍ വിജയിച്ചാല്‍ യോഗി ചരിത്രം കുറിക്കും: പിടിച്ചെടുക്കാന്‍ എസ്പി, നിലനില്‍പ്പിനായി കോണ്‍ഗ്രസ്
ദില്ലി: ഉടന്‍ നടക്കാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അധികാരത്തില്‍ തുടരാമെന്ന ആത്മവിശ്വാസവുമായി യോഗി ആദിത്യനാഥ് നയിക്കുന്ന ബി ജെ പിസർക്കാർ മുന്നോട്ട് പോവുമ്പോള്‍ ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതിയുടെ ബി എസ് പിയുമൊക്കെ ശ്രമിക്കുന്നത്.
കോണ്‍ഗ്രസിനാവട്ടെ ഇത് നിലില്‍പ്പിനുള്ള പോരാട്ടം കൂടിയായി മാറുന്നു. 7 ഘട്ടങ്ങളിലായിട്ടാണ് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10 (വ്യാഴം), ഫെബ്രുവരി 14 (തിങ്കൾ), ഫെബ്രുവരി 20 (ഞായർ), ഫെബ്രുവരി 23 (ബുധൻ), ഫെബ്രുവരി 27 (ഞായർ), മാർച്ച് 3 (വ്യാഴം), മാർച്ച് 7 (തിങ്കൾ) വരേയുള്ള തിയതികളിലാണ് യുപിയിലെ തിരഞ്ഞെടുപ്പ് നടക്കുക.

ഉത്തർപ്രദേശ് നിയമസഭയിൽ ആകെ 403 സീറ്റുകളാണുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് യുപി. 202 സീറ്റുകള്‍ നേടുന്ന പാർട്ടിക്കോ കക്ഷിക്കോ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. പടിഞ്ഞാറൻ യുപി (44 മണ്ഡലങ്ങൾ), റൂഹൽഖണ്ഡ് (52), ദോവാബ് (73), അവധ് (78), ബുന്ദേൽഖണ്ഡ് (19), ഈസ്റ്റ് യുപി (76), നോർത്ത് ഈസ്റ്റ് യുപി (61) എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് ഈ 403 നിയോജകമണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

2024-ൽ തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി കേന്ദ്രത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിട്ടാണ് ബി ജെ പി യുപി തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇത്തവണ വിജയിക്കാന്‍ സാധിച്ചാല്‍ 1985ന് ശേഷം തുടർച്ചയായി രണ്ടാമതും അധികാരത്തിലെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അവധ്, കാശി, ഗോരഖ്പൂർ, ബ്രിജ്, പടിഞ്ഞാറൻ യുപി, ബുന്ദേൽഖണ്ഡ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ആറ് യാത്രകൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു, എന്നാൽ കോവിഡ് -19 കേസുകളുടെ വർദ്ധനവും വലിയ പൊതുയോഗങ്ങളെക്കുറിച്ചുള്ള ആശങ്കകളും കണക്കിലെടുത്ത് റാലിയുമായി മുന്നോട്ട് പോകേണ്ടതുണ്ടോയെന്ന് ആലോചിക്കുകയാണ് ബി ജെ പി.

2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടി ബി ജെ പി യുപിയില്‍ അധികാരത്തിലെത്തി. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 2012 മുതല്‍ യുപിയില്‍ അധികാരത്തിലുണ്ടായിരുന്ന പാർട്ടിയായിരുന്നു എസ്ഫി. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബിഎസ്പി 19 സീറ്റില്‍ മാത്രാമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ആർഎല്‍ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.

ഇത്തവണ പ്രതിപക്ഷ നിരയില്‍ സഖ്യമൊന്നും രൂപപ്പെട്ട് വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയും. പ്രമുഖരില്‍ ആരുമായി സഖ്യത്തിനില്ലെന്നാണ് കോണ്‍ഗ്രസും എസ്പിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് ചർച്ച ആരംഭിച്ചിട്ടുണ്ട്. എസ്പിയാവട്ടെ എസ്ബിഎസ്പി തുടങ്ങിയ പാർട്ടികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. 2017 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി പാളയത്തിലായിരുന്നു എസ്ബിഎസ്പി.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് 10 ന് ഉത്തർപ്രദേശിലെ ഫലവും പ്രഖ്യാപിക്കും. നിലവിലെ ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി മെയ് മാസവും മറ്റ് നാല് സംസ്ഥാന അസംബ്ലികളുടെ കാലാവധി മാർച്ചിലുമാണ് അവസാനിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നിട്ടുണ്ട്.












Click it and Unblock the Notifications