മരണത്തെ ഭയങ്കര സംഭവമായി കാണേണ്ടതില്ല; ഒരിക്കല്‍ മരണം മുഖാമുഖം കണ്ടതിനെക്കുറിച്ച് ശ്രീനിവാസന്‍
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മരണത്തില്‍ വിങ്ങുകയാണ് മലയാള സിനിമ ലോകം. നിരവധി പേരാണ് ശ്രീനിവാസിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകുന്നത്. മലയാളിയുടെ ജീവിതവുമായി ഇത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന സംഭാഷണങ്ങള്‍ മറ്റൊരു തിരക്കഥാകൃത്തിന്റെ തൂലികയില്‍ പിറവിയെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ വീക്ഷണവും വളരെ ലളിതമായിരുന്നു. ആരെയും പേടിക്കാതെ നിലപാടുകള്‍ തുറന്നു പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണവും വളരെ വ്യത്യസ്തമായിരുന്നു.
മരണത്തെ ഒരു വലിയ സംഭവമായി എടുക്കേണ്ടതില്ലെന്നും മരണം ഒഴിവാക്കാന്‍ പറ്റാത്ത നിസാരമായ ഒരു കാര്യമാണെന്നും ശ്രീനിവാസന്‍ മുന്‍പൊരിക്കല്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തെ വലിയൊരു സംഭവമായി പാര്‍വതീകരിക്കേണ്ട കാര്യമില്ല. മരണത്തെ മുന്നില്‍ കണ്ട ഒരു ഘട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനിവാസന്റെ നിരീക്ഷണം.

ശ്രീനിവാസന്റെ വാക്കുകള്‍: കുട്ടിമാമ എന്ന് സിനിമയുടെ ഡബ്ബിങ്ങിന്റെ സമയത്ത് ഡബ്ബിങ് തിയേറ്ററില്‍ ഇരിക്കുമ്പോഴാണ് ശ്വാസംമുട്ടല്‍ ഉണ്ടാകുന്നത്. സംവിധായകനായ വിഎം വിനു ആയിരുന്നു അന്ന് ഒപ്പം ഉണ്ടായിരുന്നത്. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ശ്വാസംമുട്ടല്‍ ഉണ്ടായത്. ആശുപത്രിയില്‍ പോണോ എന്ന് വിനു ചോദിച്ചു. ഹോസ്പിറ്റലില്‍ ഒന്നും പോണ്ട എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ ശ്വാസംമുട്ടല്‍ കൂടിക്കൊണ്ടിരുന്നു. വിനു എന്റെ ഈ പ്രതിഷേധം വകവയ്ക്കാതെ അവിടെ ഉണ്ടായിരുന്നവരുമായി ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലാല്‍ മീഡിയയില്‍ നിന്ന് എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് ആയിരുന്നു യാത്ര. എന്നെ കൊണ്ടുപോകുമ്പോള്‍ തിരക്കു പിടിച്ച റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയില്‍ ഉള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞാണ്. ഇതിനിടയില്‍ ഞാനറിയാതെ മരിച്ചു പോകാമായിരുന്നു.
ഇതില്‍ നിന്ന് ഒരു കാര്യം മനസിലായി. മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. ബോധം പോകുന്ന ഘട്ടത്തില്‍ തന്നെ മരണം സംഭവിക്കാം. ആളുകള്‍ മരണം വലിയ സംഭവമായി എടുക്കാറുണ്ട്. മരണം വളരെ നിസാരമായി സംഭവിക്കാവുന്ന കാര്യമാണ്. മരണത്തെ പാര്‍വതീകരിക്കേണ്ട കാര്യമില്ല.
അന്നത്തെ അനുഭവം ശരിക്കും ഒരു മരണം പോലെയായിരുന്നു. ഇത്രയേ ഉള്ളോ മരണം എന്നാണ് തോന്നിയത്. മരണം മുന്നില്‍ കണ്ടതു പോലെ ആയിരുന്നു ആ സംഭവം. വിനുവാണ് എന്റെ ജീവിതം തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇനിയുള്ള ജീവിതച്ചെലവ് വിനു വഹിക്കണമെന്ന് ഞാന്‍ തമാശയായി പറഞ്ഞു. എന്നെ ജീവിപ്പിച്ചത് വിനുവാണ്. അതുകൊണ്ട് ഇനിയുള്ള കാര്യങ്ങള്‍ക്കൊക്കെ ഉത്തരവാദി പുള്ളി ആണെന്ന് ഞാന്‍ പറഞ്ഞു. ഈ സംഭവത്തിനു ശേഷം പുകവലി പൂര്‍ണമായി നിര്‍ത്തി.
നമ്മള്‍ മരിക്കുന്ന സമയത്ത് ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നാല്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ. അങ്ങനെയുള്ള ഒരു അവസ്ഥ വരാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാത്ത രീതിയില്‍ മരിച്ചു പോവുകയാണെങ്കില്‍ ഏറ്റവും നല്ലത്. കഴിയുന്നിടത്തോളം കാലം ജീവിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും ശ്രീനിവാസന്‍ പറഞ്ഞു.












Click it and Unblock the Notifications