ആര്‍എംപി നേതാവ് എന്‍ വേണുവിന് വധഭീഷണി
വടകര: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്ത്. സിപിഎമ്മുകാരാണ് ഭീഷണിക്ക് പിറകിലെന്നാണ് ആരോപണം.
സിപിഎമ്മിനെതിരെ വന്നാല്‍ മുഖം നോക്കാതെ കൊല്ലും എന്നാണത്രെ കത്തിലുള്ളത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് കത്ത് ലഭിച്ചിരിക്കുന്നത്. ടിപി വധത്തെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്.

കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍ എന്ന പേരിലാണ് കത്തെഴുതിയിരിക്കുന്നത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നാല്‍ അടുത്ത മെയ് നാല് എന്‍ വേണുവിന്റേതായിരിക്കും എന്നാണ് ഭീഷണി. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഒഞ്ചിയത്തെ മറ്റ് ചില ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ വധശ്രമങ്ങള്‍ സിപിഎമ്മിന്റെ തീരുമാനപ്രകാരമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്‍, ആര്‍എംപി യുവജന വിഭാഗം നേതാക്കളായ ജയന്‍, ബാലന്‍ എന്നിവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചാണ് കത്തില്‍ പറയുന്നത്.
ടിപി ചന്ദ്രശേഖരനും ഇതുപോലെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ടിപി ഭീഷണിക്ക് വഴങ്ങാത്തതിനാല്‍ അതിന്റെ ഫലം അനുഭവിച്ചുവെന്നും പറയുന്നു. കത്ത് സംബന്ധിച്ച് വേണു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications