ദിലീപിന് പുർണ്ണ പിന്തുണ: നടിക്ക് പരിഹാസവുമായി രാഹുല്‍ ഈശ്വർ: വ്യാജ ഫോട്ടോവരെയുണ്ടാക്കി
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വർ. കേസില്‍ ദിലീപ് നിരപരാധിയാണെന്നതാണ് അദ്ദേഹത്തിന്റെ വാദം. ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വർ ചാനല്‍ ചർച്ചകളിലും മറ്റും തുടർച്ചയായി വാദിച്ചുകൊണ്ടിരിക്കുന്നു.
അന്തിമവാദത്തിലേക്ക് കടന്നിരിക്കുന്ന കേസിലെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അതിജീവിതയായ നടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ന്യൂസ് 18 മലയാളം ചാനല്‍ നടത്തിയ ചർച്ചയിലും ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രാഹുല്‍ ഈശ്വർ നടിയെ പരിഹസിക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തു.

അതിജീവിതയോട് അങ്ങേയറ്റം ബഹുമാനം നിലനിർത്തുന്നതിനോടൊപ്പം തന്നെ അവരുടെ ആവശ്യങ്ങളോട് പൂർണ്ണമായും വിയോജിക്കുന്നു. അവർക്ക് എന്ത് നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനോട് വിയോജിക്കുമ്പോഴും ബഹുമാനിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഒരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് അതിജീവിതയോട് അല്ല. അവരുടെ കൂടെ നിന്ന് തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ വേദന മുതലാക്കുകയും ചെയ്യുന്നവരോടാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
യുണൈറ്റഡ് നേഷന്‍സ് അണ്ടർ സെക്രട്ടറി ജനറലിന്റെ ഇ-മെയിലില്‍ കൂടി ഒരു പരാതി അയച്ചോളു. ചുമ്മാ യുഎന്‍ കൂടി അറിഞ്ഞിരിക്കട്ടെ. അവിടേക്ക് മാത്രമാക്കണ്ട, ലോക കോടതിയിലേകും ലോകബാങ്കിലേക്കും ഐഎംഫിലേക്കുമൊക്കെ പരാതി അയക്കട്ടേയെന്നും അദ്ദേഹം പരിഹസിക്കുന്നു. മെമ്മറി കാർഡ് ചോർന്ന വിഷയത്തില്‍ രാഷ്ട്രപതിക്ക് അതിജീവിതയായ നടി കഴിഞ്ഞ ദിവസം പരാതി അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
മെമ്മറി കാർഡ് ഏതെങ്കിലും കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ടാല്‍ ഹാഷ് വാല്യൂ മാറും. എന്നാല്‍ അതിന് അകത്തെ ഒരു ഫയലിന്റെ പോലും ഹാഷ് വാല്യൂ മാറിയിട്ടില്ല. എഫ് എസ് എല്‍ റിപ്പോർട്ടില്‍ അത് വ്യക്തമായി എഴുതിയിട്ടുണ്ട്. കോടതിയിലെ ഉദ്യോഗസ്ഥരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. അല്ലാതെ അതിന് പിന്നില്‍ ദിലീപൊന്നുമല്ല. അതിജീവിതയുമായി ബന്ധപ്പെട്ട എട്ട് ഫയലുകളാണ് ആ മെമ്മറി കാർഡിലുള്ളത്. അതില്‍ ഒരു ഫയലിന്റെ പോലും ഹാഷ് വാല്യൂ മാറിയിട്ടില്ല.
ഈ ജഡ്ജിമാരെല്ലാം മോശക്കാരാണ്, മേല്‍ക്കോടതികളില്‍ പോകുമെന്നും പറയുന്നതിന് വേണ്ടി ആദ്യമെ ഒരു മുന്‍കൂർ ജാമ്യം എടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വനിതയായ ജഡ്ജിയെ അപമാനിച്ചു, അവരുടെ ഭർത്താവിനെ അപമാനിച്ചു, അവരുടെ അച്ഛനെ അപമാനിച്ചു. തന്റെ 12 വയസുള്ള മകളെ ഒഴിച്ച് ബാക്കിയെല്ലാവരേയും ഇവർ അപമാനിച്ചുവെന്ന് വരെ അവസാനം ആ ജഡ്ജിക്ക് പറയേണ്ടി വന്നു.
മാധ്യമങ്ങള്‍ കൂടെയുണ്ടെന്ന് കരുതി എല്ലാവരേയും കരിവാരിത്തേക്കുന്നത് വൃത്തികെട്ട പ്രവണതയാണ്. ശരിയാണ് മാധ്യമങ്ങളും സർക്കാറും പൊലീസുമെല്ലാം പൂർണ്ണമായും അവരുടെ കൂടെയുണ്ട്. പക്ഷെ ഈ നാട്ടില്‍ നീതി വേണ്ടെ. തെളിവില്ലാതെ ഒരാളെ എങ്ങനെയാണ് ശിക്ഷിക്കാന്‍ കഴിയും. എന്തെങ്കിലും ഒരു തെളിവ് വേണം. ദിലീപിനെതിരെ യാതൊരു തെളിവ് കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ട് വ്യാജ ഫോട്ടോവരെയുണ്ടാക്കിയെന്നും രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നു.
ദിലീപിനെയാണ് ഉന്നം വെക്കുന്നതില്‍ അത് നേരിട്ട് പറയണം. അല്ലാതെ വളച്ചൊടിക്കേണ്ടതില്ല. മെമ്മറി കാർഡ് ചോന്ന സംഭവുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ വാദഗതികള്‍ കോടതി തള്ളി. അതാണ് കോടതിയുടെ ഇന്റഗ്രിറ്റി. വിചാരണ താമസിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് ദിലീപ് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇതില്‍ ഇടപെടുകയേ വേണ്ടെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തിന്റെ വാദം തള്ളുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications