നടിയെ ആക്രമിച്ച കേസ്: ഉപവാസ സമരത്തിന് നടൻ രവീന്ദ്രനും ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചറും
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ കേസിലെ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്താന്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന കൂട്ടായ്മ. നടനും സംഘടനാ ഭാരവാഹിയുമായ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസിന്റെ സുഹൃത്തുക്കളാണ് ഈ കൂട്ടായ്മയിലുളളത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടാനുളള പോരാട്ടത്തില്‍ എല്ലാവരും അണി നിരക്കണമെന്ന് നടന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.30ന് എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസം നടക്കുന്നത്. അഡ്വക്കേറ്റ് എ ജയശങ്കര്‍ പ്രതിഷേധ ഉപവാസം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘടന അറിയിച്ചു.

2017 ഫെബ്രുവരിയില്‍ ആണ് എറണാകുളത്ത് വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. ഇതാദ്യമായാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമാ രംഗത്ത് നിന്ന് ഒരു നടന്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്ത് വരുന്നത്. തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പിടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.
ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പിടി തോമസ് ആയിരുന്നു. അതിന്റെ ഭാഗമായാണ് ഈ പ്രതിഷേധം. അഞ്ച് വര്‍ഷം നീണ്ട് നിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുളളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ്, രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications