ദിലീപ് കേസില്‍ പുതിയ പരാതി; ആര്‍ ശ്രീലേഖയെ സാക്ഷിയാക്കണം, ശക്തമായ നടപടി വേണം
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ കേസില്‍ സാക്ഷിയാക്കണമെന്ന് ആവശ്യം. അഡ്വ. ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, പോലീസ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.
കേസില്‍ സുപ്രധാനമായ വെളിപ്പെടുത്തലുകളാണ് ശ്രീലേഖ നടത്തിയത്. പോലീസുകാര്‍ക്കെതിരെയും പരാമര്‍ശമുള്ള കാര്യം ശ്രീജിത്ത് പെരുമന പരാതിയില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ശ്രീലേഖയെ സാക്ഷിയാക്കി ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ശ്രീലേഖയുടെ മൊഴിയെടുക്കണം, വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തണം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.

അതേസമയം, ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി രംഗത്തെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള ഇത്തരം പ്രതികരണം ദുരൂഹതയുണ്ടാക്കുന്നതാണെന്നും അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനകള്‍. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പി സതീദേവി ആവശ്യപ്പെട്ടു.
തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞത്. ചില സുപ്രധാന കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തുകയുമുണ്ടായി. ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്ന് എന്നാണ് അവരുടെ വാദം. ദിലീപും പള്‍സര്‍ സുനിയുമുള്ള ഫോട്ടോ വ്യാജമാണ്. ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് സുനി അല്ല എഴുതിയത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് സാക്ഷികള്‍ കൂറുമാറിയത്. സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചത് പോലീസുകാരാണ്.. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ശ്രീലേഖ പറഞ്ഞിരുന്നു.












Click it and Unblock the Notifications