ദിലീപിനെ വീണ്ടും ജയിലിലേക്കയക്കാൻ ക്രൈംബ്രാഞ്ച് നീക്കം, ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിയിൽ ഹർജി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളും വെളിപ്പെടുത്തലുകളുമാണ് സമീപ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എട്ടാം പ്രതി ദിലീപിന്റേത് അടക്കമുളള ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ 2017ലാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസം ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിന് ശേഷമാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. അതിന് മുന്‍പ് അഞ്ച് തവണ ദിലീപ് ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണം തുടങ്ങിയവ ജാമ്യ വ്യവസ്ഥകളായിരുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. മാത്രമല്ല കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസില്‍ പുതിയതായി പുറത്ത് വന്ന തെളിവുകളുമായാണ് അന്വേഷണ സംഘം കോടതിയെ സമീപിക്കുക. ദിലീപിന്റെ അഭിഭാഷകര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി നേരത്തെ കേസിലെ സാക്ഷിയായ ജെയ്‌സണ്‍ പരാതി നല്‍കിയിരുന്നു മാത്രമല്ല കേസിലെ മറ്റൊരു സാക്ഷിയായ ഡോ. ഹൈദരലിയെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവായ സുരാജ് ഫോണില്‍ ബന്ധപ്പെട്ട് മൊഴി മാറ്റാനാവശ്യപ്പെടുന്ന ഓഡിയോയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇത് കൂടാതെ കേസിലെ നിര്‍ണായക തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഹാക്കറായ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ അടക്കം ദിലീപിന്റെ ഫോണിലുണ്ടായിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സായ് ശങ്കര്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പീച്ചി പോലീസും കാസര്‍കോഡ് ബേക്കല്‍ പോലീസും നേരത്തെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആ ഘട്ടത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ സാക്ഷികളെ സ്വാധീനിച്ചതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ഇപ്പോള്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച പുതിയ തെളിവുകളുമായാണ് അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ തുടരന്വേഷണത്തിന് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച സമയം ഈ മാസം 14ന് അവസാനിക്കുകയാണ്. അതിന് മുന്നോടിയായി ചടുലമായ നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. തുടരന്വേഷണത്തിനുളള സമയം മൂന്ന് മാസം നീട്ടി നല്‍കണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications