എഡിജിപി ശ്രീജിത്തിനെതിരെ തന്ത്രപരമായ നീക്കവുമായി ദിലീപ്; ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ തന്ത്രപരമായ നീക്കം. എ ഡി ജി പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെയാണ് പരാതിയുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയത്. താനടക്കമുള്ള പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈം ബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദിലീപ് പരാതിയില്‍ പറയുന്നത്.
ബാലചന്ദ്രകുമാര്‍ എ ഡി ജി പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ് എന്നും ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത് എന്നുമാണ് ദിലീപ് പരാതിയില്‍ പറയുന്നത്. തനിക്കെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും പരാതിയിലുണ്ട്.

സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പ് കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചു എന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചു എന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചത്. അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനും ചോദ്യം ചെയ്യലും ഇന്ന് നടന്നില്ല.

അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ നോട്ടീസ് പതിപ്പിച്ചിരുന്നു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുക്കാതിരുന്നതോടെയാണ് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന നടപടിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്നത്. അതേസമയം കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങളാണ് കാവ്യ മാധവനോട് ചോദിക്കാനുള്ളത്.

ആലുവയിലെ പദ്മസരോവരം വീട്ടില്‍ വെച്ച് മൊഴിയെടുക്കണമെന്നാണ് കാവ്യാ മാധവന്‍ പറയുന്നത്. എന്നാല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടത്. ഇത് വീട്ടില്‍ വെച്ച് നടക്കില്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് കാവ്യ മാധവന്റെ നിലപാട്.

പദ്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്താല്‍ സഹകരിക്കാമെന്നും കാവ്യ മാധവന്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാന്‍ സി ആര്‍ പി സി 160 ചട്ട പ്രകാരമാണ് കാവ്യ മാധവന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ ആക്രമിക്കപ്പെട്ട നടി, ദിലീപ്, നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക-റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.












Click it and Unblock the Notifications