അവർ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍: കോടതിയില്‍ നടന്നത് ചൂടേറിയ വാദം
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയില്‍ ഇന്നും കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയും ജസ്റ്റിസ് ബെച്ചു കൂര്യന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഫോറന്‍സിക് പരിശോധനയെ പ്രതിഭാഗം ശക്തമായ ഭാഷയില്‍ എതിർത്തപ്പോള്‍ പരിശോധന അത്യാവശ്യമാണെന്നായിരുന്നു അതിജീവിതയയായ നടിക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയില്‍ വാദിച്ചത്.
അഡ്വ.ടിബി മിനിയാണ് ഹർജിയില്‍ പ്രതിക്ക് വേണ്ടം വാദം നടത്തിയത്. ക്രൈംബ്രാഞ്ചിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജിയും ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയും കോടതിയില്‍ ഹാജരായി.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരിശോധനയെന്ന വാദത്തില്‍ ഉറച്ച് നിന്നുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ ഇന്നും വാദം ആരംഭിച്ചത്. മെമ്മറി കാർഡ് എന്നുള്ളത് കേസിലെ നിർണ്ണായക തെളിവാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ ഫോറന്‍സിക് പരിശോധന ഫലം കേസില്‍ അത്യാവശ്യമാണെന്നും ഡി ജി പി വാദിച്ചു.

മെമ്മറി കാർഡ് സംബന്ധിച്ച കാര്യങ്ങൾ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പ്രോസിക്യൂഷനോട് ചോദിച്ചു. പ്രോസിക്യൂഷൻ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ അഭിഭാഷകന്റെ വാദം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറൻസിക് ലാബ് അസി. ഡയറക്ടർ ദീപയിൽ നിന്ന് ശാസ്ത്രീയ വിവരങ്ങൾ തേടി.

അതേസമയം, പുതിയ ഫോറന്‍സിക് പരിശോധനയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവർക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ രാമന്‍പിള്ളയുടെ ചോദ്യം. ഇതോടെ കോടതി വീണ്ടും ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളെ നിയന്ത്രിക്കാന്‍ സാധിക്കുമോയെന്നും ചോദിച്ചു

സാധാരണ അന്വഷത്തിന്റെ കാര്യമല്ല ഇവിടെ സംസാരിക്കുന്നത്. ഇവിടെ നടക്കുന്നത് തുടരന്വേഷണമാണെന്നായിരുന്നു തുടർന്ന് രാമന്‍പിള്ള നടത്തിയ പ്രതികരണം. ഇതോടെ എന്തുകാണ്ടൊണ് തുടരന്വേഷണം ആരംഭിച്ചതെന്ന് കോടതി പ്രതിഭാഗത്തോടെ ചോദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ ചില വസ്തുതകൾ വെളിപ്പെടുത്തിയതോടെയാണ് അവർ തുടരന്വേഷണം ആരംഭിച്ചതെന്നും ഇതിന്റെ സമയ പരിധി മൂന്ന് തവണ അവർ നീട്ടിയിട്ടുണ്ടെന്നും രാമന്‍പിള്ള മറുപടി നല്‍കി. പ്രതിഭാഗം ആകെ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്‍ ഇവിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ മാറ്റമില്ലെന്ന് ഇപ്പോൾ കോടതിക്ക് മുന്നിലുള്ള തെളിവുകൾ പറയുന്നതെന്ന് വ്യക്തമാക്കിയ കോടതി ഫയല്‍ ഹാഷില് മാറ്റമൊന്നുമില്ലെന്നും വോളിയം ഹാഷില് മാത്രമാണ് മാറ്റമെന്ന റിപ്പോർട്ട് വിശദീകരിക്കുകയും ചെയ്തു. ഏതായാലും ആവശ്യം ഞാന്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ തുടർവാദം വരുന്ന ചൊവ്വാഴ്ച നടക്കും. കേസ് അട്ടിമറിക്കാൻ ശ്രമമെന്ന നടിയുടെ ഹർജിയും ഇതോടൊപ്പം അന്ന് കോടതി പരിഗണിക്കും.












Click it and Unblock the Notifications