'ദിലീപിന്റെ വിഷമം എന്റേതും; ന്യായീകരിക്കാതിരിക്കേണ്ടതായ ഒന്നും അദ്ദേഹം ചെയ്തിട്ടില്ല'; ജോണി ആന്റണി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ മേഖലയിൽ നിരവധി താരങ്ങൾ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. തങ്ങൾക്കറിയുന്ന ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. ഇപ്പോഴിതാ സംവിധായകൻ ജോണി ആന്റണയും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ജോണി ആന്റണിയുടെ പ്രതികരണം. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിലായിരുന്നു ജോണി ആന്റണി പ്രതികരിച്ചത്. വായിക്കാം

താങ്കളുടെ ആദ്യ സിനിമ നിര്‍മിച്ചത് ദിലീപാണ്. താങ്കളുടെ ജീവിതത്തിലെ വഴിത്തിരിവില്‍ ദിലീപിന് വലിയൊരു പങ്കുണ്ട്. ദിലീപിന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത് എന്നായിരുന്നു ജോണി ലൂക്കോസിന്റെ ചോദ്യം. ഇതിന് അദ്ദേഹം തനിക്ക് സഹോദര തുല്യനാണെന്നായിരുന്നു സംവിധായകന്റെ മറുപടി.

'ദിലീപ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്റെ ഒരു സഹോദരന്‍ തന്നെയാണ്. ഞാന്‍ ദിലീപിനേയും ദിലീപ് എന്നേയും അങ്ങനെ തന്നെയാണ് കാണുന്നത്. ദിലീപിന് എന്ത് സന്തോഷം വന്നാലും അത് എന്റെ സന്തോഷമായിട്ടും ദിലീപിന് എന്ത് വിഷമം വന്നാലും അത് എന്റെ വിഷമം ആയിട്ടുമാണ് ഞാന്‍ കാണുന്നത്.തിരിച്ചും അങ്ങനെ തന്നെയാണ്'.

'കാരണം ഞാന്‍ ഒരു ചെറിയ നടനായി അറിയാന്‍പ്പെടാന്‍ തുടങ്ങിയപ്പോഴൊക്കെ പുള്ളി വലിയ സന്തോഷത്തിലായിരുന്നു. എടാ നിന്റെ പിള്ളേരുടെ ഭാഗ്യമാണ്.കറക്ട് സമയത്തല്ലെ അവളുമാരും വളര്‍ന്നുവരികയല്ലേ എന്നൊക്കെ പറഞ്ഞിട്ട് പുള്ളിയുടെ ഒരു കെയറുണ്ടല്ലോ'.

'പിന്നെ ചില പടങ്ങള്‍ കണ്ടിട്ട് എന്നെ വിളിക്കും. എടാ നന്നായിട്ടുണ്ട് കേട്ടോ. നീ ഇതൊക്കെ എപ്പോള്‍ പഠിച്ചു. ഞാന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ഭയങ്കരമായി എന്‍കറേജ് ചെയ്യും. അങ്ങനെ ഒരു മനസുള്ള ആളാണ്' , ജോണി ആന്റണി പറഞ്ഞു.

വ്യക്തിപരമായുള്ള ബന്ധം കൊണ്ട് ദിലീപിനെ ഏത് സാഹചര്യത്തിലും താങ്കൾ ന്യായീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- തീര്‍ച്ചയായിട്ടും .എന്റെ കാഴ്ചപ്പാടില്‍ ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഞാന്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ ഞാനെന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്.

ദിലീപിനെ കുറെ പേർ കുറ്റപ്പെടുത്തുന്നുണ്ടോയന്ന തോന്നലുണ്ടോയെന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിൽ അല്ലേയെന്ന് ജോണി ആന്റണി പറഞ്ഞു. 'നമ്മുടെ ബഹുമാനപ്പെട്ട കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കാര്യങ്ങളാണ്. അതെന്തായാലും നമ്മുടെ നീതിന്യായ വ്യവസ്ഥ അസത്യത്തിന് കൂട്ട് നിൽക്കില്ല. സത്യത്തിന് വേണ്ടിയേ നിലകൊള്ളുകയുള്ളൂ'.

'ആ സത്യം എന്താണെന്ന് നമ്മുടെ കോടതി കൃത്യമായി വിധിക്കും. അതിന് ശേഷം പോരെ നമ്മുടെ ജനകീയ വിചാരണകളും കാര്യങ്ങളുമൊക്കെ എന്ന് വിശ്വസിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ പൗരനാണ് ഞാന്‍,' ജോണി ആന്റണി പറഞ്ഞു.












Click it and Unblock the Notifications