'ദിലീപിനാണ് അതിന്റെ ഗുണം... പൾസർ സുനി ഇപ്പോൾ പുറത്തിറങ്ങേണ്ടത് ചിലരുടെ ആവശ്യം'; ബൈജു കൊട്ടാരക്കര
കൊച്ചി; കോടതിക്ക് ഉൾപ്പെടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം എത്രയും വേഗം തീർക്കണമെന്ന നിലപാടാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്താനുള്ള സാവകാശം ലഭിക്കാതെ ഒരു കത്തികരിഞ്ഞ കുറ്റപത്രമാണ് ഇപ്പോൾ കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ചാനലിലാണ് സംവിധായകന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ മാനസിക രോഗിയാക്കേണ്ടത് ആരുടെ ആവശ്യമാണെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. സംവിധായകന്റെ വാക്കുകളിലേക്ക്

എറണാകുളം ഹൈക്കോടതിയിൽ പലതവണ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടും ലഭിക്കാതിരുന്നതോടെയാണ് പൾസർ സുനി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. അവിടെ നിന്നും രക്ഷകിട്ടാതിരുന്നതിന് പിന്നാലെയാണ് പെട്ടെന്ന് സുനിക്ക് മാനസിക വിഭ്രാന്തി ഉണ്ടാകുന്നത്. പൾസർ സുനിയെ മാനസികരോഗ ആശുപത്രിയിലേക്ക് മാറ്റിയത് ആരുടെ കുബുദ്ധിയാണെന്ന കാര്യം അന്വേഷിക്കണം'

'കാരണം പൾസർ സുനിക്ക് മാനസിക വിഭ്രാന്തി ഉണ്ടായാൽ അതിന്റെ ഗുണം ലഭിക്കുക എട്ടാം പ്രതിയായ ദിലീപിനാണ്. മാനസിക രോഗിയാണ് സുനിയെന്ന് വന്നാൽ അയാൾ പറയുന്നത് കോടതി പോലും അംഗീകരിക്കില്ല. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് കാണിച്ച് ആശുപത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് നേടാനാണ് ഇത്'.

'തനിക്ക് 250 രൂപ വേണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി സഹതടവുകാരനായ ജിംസണ് ഫോൺ ചെയ്ത വിവരം എല്ലാവർക്കും അറിയാം. ജിംസൺ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സുനിയാണ് ഇപ്പോൾ ലക്ഷങ്ങൾ മുടക്കി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് തവണ ഹൈക്കോടതിയേയും ഒരു തവണ സുപ്രീം കോടതിയേയും സമീപിച്ചു. ഇതിനുള്ള പണം എവിടെ നിന്നാണ് കിട്ടിയത്'.

പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് വന്ന രണ്ട് ലക്ഷം രൂപ എവിടെ നിന്നാണ് വന്നത്? ചിട്ടി പിടിച്ചതാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യാതൊന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇതൊക്കെ പരിശോധിക്കുമ്പോൾ സുനി പുറത്തിറങ്ങേണ്ടത് ചിലരുടെയൊക്കെ ആവശ്യമാണെന്ന് വ്യക്തമാണ്. പൾസർ സുനിക്ക് ക്വട്ടേഷൻ പറഞ്ഞുറപ്പിച്ച തുക കൊടുത്ത് ഒതുക്കാം എന്നതായിരിക്കാം ആലോചന.
സുനിയെ നിലവിൽ ജയിലിലേക്ക് തന്നെ മടക്കി കൊണ്ടുപോയിരിക്കുകയാണ്. ഒരുപക്ഷേ ചില വക്കീലൻമാരുടെ ഉപദേശമാകാം ഇങ്ങനെയൊക്കെ ചെയ്യാൻ',ബൈജു കൊട്ടരക്കര പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.'കേസിൽ എല്ലാവരും അനാവശ്യ തിടുക്കത്തിലാണ്. കേസ് എത്രയും വേഗം തീർക്കണം എന്നാണ് കോടതിയുടെ പോലും നിലപാട്.വിശദമായ അന്വേഷണം പലകാര്യത്തിലും നടത്താൻ ഇതോടെ ക്രൈംബ്രാഞ്ച് സംഘത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കത്തികരിഞ്ഞ കുറ്റപത്രമാണ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റുകാരെന്ന് പറയാനാകില്ല', ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അഭിഭാഷകർ തെളിവ് നശിപ്പിച്ചതായി നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മാളവിക....ഒന്നൊന്നര ലുക്കിലാണല്ലോ, അടിപൊളിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications