ആ നാല് വാഹനങ്ങളും ദിലീപിന്റേതല്ല; നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് കിട്ടി, പക്ഷേ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ആറ് വര്‍ഷത്തോട് അടുക്കുന്നു. വിചാരണ അന്തിമഘട്ടത്തിലാണ്. പ്രതികള്‍ക്കെതിരെ ശക്തമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ അന്വേഷണ സംഘം നല്‍കിയിരിക്കുന്നത്. എന്നാല്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ മറ്റുചല കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കേസില്‍ പ്രതികളില്‍ നിന്ന് പോലീസ് നാല് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നും ദിലീപിന്റേതല്ല. എന്നാല്‍ ഈ വാഹനങ്ങള്‍ കലൂരിലെ കോടതി വളപ്പില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് തിരിച്ചുകിട്ടുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. രണ്ട് ബൈക്കുകളും കാറും, ടെമ്പോ ട്രാവലറും മറ്റൊരു വാഹനവും. നടി സഞ്ചരിച്ചിരുന്ന വാഹനം ഉടമയ്ക്ക് തിരിച്ചുനല്‍കി. എന്നാല്‍ മറ്റു നാലു വാഹനങ്ങള്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. എല്ലാം കലൂരിലെ പ്രത്യേക കോടതി വളപപ്പില്‍ തുരുമ്പെടുക്കുകയാണ്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ഇവരുടെ വാഹനത്തിന് പിന്നാലെ പ്രതികള്‍ വന്നിരുന്നു. ടെമ്പോ ട്രാവലറിലാണ് പ്രതികള്‍ വന്നത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ വാഹനത്തിലേക്ക് നടിയെ പിടിച്ചുകയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി.

ടെമ്പോ ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ഇടിപ്പിച്ച ശേഷം പരിഭ്രാന്തി സൃഷ്ടിച്ച് നടിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ഈ ട്രാവലറിന്റെ ടയര്‍ പഞ്ചറായി. ഇതോടെയാണ് പ്രതികള്‍ നടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വച്ച് തന്നെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ശേഷം ഇക്കാര്യം നടക്കുകയും ചെയ്തു. ആക്രമണ ശേഷം പ്രതികള്‍ അതിവേഗം രക്ഷപ്പെടുകയായിരുന്നു.

കെഎല്‍ 60 ഓ 9338 എന്ന ടെമ്പോ ട്രാവലറിലാണ് പ്രതികള്‍ എത്തിയതെന്ന് പോലീസ് പറയുന്നു. ഈ ട്രാവലര്‍ ഉപയോഗിച്ച് നടിയുടെ കാറിനെ ഇടിപ്പിച്ചു. അതിനിടെയാണ് പഞ്ചറായത്. തുടര്‍ന്ന് നടിയെ കാറില്‍ കയറി ആക്രമിച്ചു. ശേഷം മില്‍ക്ക് ഓണ്‍ ടൈം എന്നെഴുതിയ ഏയ്‌സ് വാഹനത്തിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ വാഹനവും കോടതി വളപ്പില്‍ തുരുമ്പെടുക്കുകയാണ്.

ടെമ്പോ ട്രാവലറിനും ഏയ്‌സിനും പുറമെ രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും കൂട്ടുപ്രതി വിജേഷും കോയമ്പത്തൂരിലേക്കാണ് ആദ്യം രക്ഷപ്പെട്ടത്. ഈ യാത്ര ഒരു ബൈക്കിലായിരുന്നു. ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് തിരിച്ചുവന്നത്. ഈ രണ്ടു ബൈക്കുകളും പോലീസ് പിടിച്ചിരുന്നു. ഇവയും കോടതി വളപ്പില്‍ കേടുവരികയാണ്.

കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നിയമ നടപടി സ്വീകരിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. കേസില്‍ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ഇനി വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളൂ. പ്രത്യേക സിബിഐ കോടതി മാസങ്ങള്‍ക്കകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുമെന്നാണ് കരുതുന്നത്.

കേസില്‍ പ്രതികളായവരുടെ വാഹനങ്ങളല്ല കസ്റ്റഡിയിലുള്ള നാലും. എല്ലാം പല തരത്തില്‍ പ്രതികള്‍ കൈക്കാലാക്കിയതാണ്. കൃത്യം നിര്‍വഹിക്കാന്‍ പ്രതികള്‍ കൈവശപ്പെടുത്തിയ വാഹനങ്ങള്‍ പോലീസ് സ്വാഭാവികമായും കസ്റ്റഡിയിലെടുക്കും. നടി സഞ്ചരിച്ചിരുന്ന വാഹവനും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവ വിട്ടുകൊടുത്തിട്ടുണ്ട്. പള്‍സര്‍ സുനി ഒഴികെയുള്ള എല്ലാം പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി സുനി ജയിലിലാണ്. തടവ് ശിക്ഷ വിധിച്ചാല്‍ ഈ കാലാവധി കഴിഞ്ഞുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക.












Click it and Unblock the Notifications