നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു അക്കാര്യം കോടതിയിൽ ആവർത്തിച്ചാൽ.. ദിലീപിന് നിർണായകം
ഈ മാസം 16 നാണ് മഞ്ജുവിനെ വിസ്കരിക്കുക. കേസിൽ 34ാം സാക്ഷിയാണ് മഞ്ജു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. കേസിൽ ഏറ്റവും സുപ്രധാനമായ സാക്ഷികളെയാണ് ഈ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരും സാക്ഷി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 16 നാണ് മഞ്ജുവിനെ വിസ്കരിക്കുക. കേസിൽ 34ാം സാക്ഷിയാണ് മഞ്ജു. നടിയുടെ മൊഴി ഏറെ നിർണായകമാകും.

കാവ്യ മാധവൻ, മഞ്ജു ഉൾപ്പെടെയുള്ളവർ
തുടരന്വേഷണത്തിൽ 125 ഓളം സാക്ഷികളെയായിരുന്നു ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയത്. ഇതിൽ തന്നെ ആദ്യ ഘട്ടത്തിൽ വിസ്തരിച്ച നടി കാവ്യ മാധവൻ, നടൻ സിദ്ധിഖ് തുടങ്ങി പലരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഏറ്റവും പ്രധാനമായ 39 സാക്ഷികളെ വിസ്കരിക്കാൻ തീരുമാനമായി. സംവിധായകൻ ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗർ, കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ജിംസൺ എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്.

മഞ്ജു അടക്കമുള്ളവർ കോടതിയിലേക്ക്
ഇതിൽ മഞ്ജുവിനേയും ജിംസണേയും സാഗറിനേയും വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി ഹർജി മാറ്റി വെയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജു അടക്കമുള്ളവർ കോടതിയിലേക്ക് വീണ്ടും എത്തുന്നത് കേസിൽ പ്രോസിക്യൂഷന് അനുകൂലമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേകിച്ച് മഞ്ജുവിന്റെ മൊഴി.

നടി കേസിൽ ഗൂഢാലോചനകൾ ഉണ്ടെന്ന്
നടി ആക്രമിക്കപ്പെട്ട കേസിൽ ചില ഗൂഢാലോചനകൾ ഉണ്ടെന്ന് ആദ്യം തുറന്ന് പറഞ്ഞ താരമായിരുന്നു മഞ്ജു വാര്യർ. കേസിൽ ആദ്യ ഘട്ടത്തിൽ മഞ്ജു വാര്യരേയും വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയിൽ ഉള്ള പലരും തങ്ങളുടെ മൊഴി മാറ്റിയപ്പോൾ അതിജീവിതയ്ക്കൊപ്പം തന്റെ ആദ്യ മൊഴി തിരുത്താതെ മഞ്ജു കൂടെ നിന്നു. കേസിന്റെ രണ്ടാം ഘട്ട വിചാരണയിലും മഞ്ജുവിന്റെ മൊഴി നിർണായകമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.

ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ച് താൻ
ദിലീപിനെതിരെ നിരവധി ശബ്ദ റെക്കോഡുകൾ സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് നൽകിയിരുന്നു. ദിലീപ്, സഹോദരി ഭർത്താവായ സുരാജ്, ദിലീപിന്റെ സഹോദരനായ അനൂപ്, സുഹൃത്തും വ്യവസായിയുമായ അനൂപ് എന്നിവരുടെ ശബ്ഗങ്ങൾ അടങ്ങിയ റെക്കോഡാണ് ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയത്. ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ച് താൻ ശിക്ഷയനുഭവിച്ചുവെന്ന് ദിലീപ് പറയുന്നതായുള്ള ഓഡിയോ റെക്കോഡുകൾ അടക്കമായിരുന്നു ബാലചന്ദ്രകുമാർ പോലീസിന് നൽകിയത്.

ഓഡിയോയിലുള്ള ശബ്ദങ്ങൾ തിരിച്ചറിയുന്നതിനായി
ശബ്ദരേഖയിൽ ഉള്ളത് തന്റെ ശബ്ദമല്ലെന്നായിരുന്നു ദിലീപ് ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഓഡിയോയിലുള്ള ശബ്ദങ്ങൾ തിരിച്ചറിയുന്നതിനായി നേരത്തേ മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിൽ ദിലീപിന്റെ ഈ വാദം മഞ്ജു തള്ളിയിരുന്നു. ഓഡിയോയിലുള്ള ശബ്ദം ദിലീപിന്റേതാണെന്ന് നടി തിരിച്ചറിഞ്ഞിരുന്നു. ഇതേ മൊഴി തന്നെ കോടതിയിൽ മഞ്ജു ആവർത്തിച്ചാൽ എട്ടാം പ്രതിയായ ദിലീപിനെതിരെ ശക്തമായ വാദമുഖങ്ങൾ ഉയർത്താൻ പ്രോസിക്യൂഷന് സാധിച്ചേക്കും.

വിചാരണ കോടതി വീണ്ടും സുപ്രീം കോടതിയിലേക്ക്
അതേസമയം സമയപരിധി നിശ്ചയിച്ച കേസിൽ വിചാരണ വീണ്ടും നീണ്ട് പോകുകയാണ്. ജനവരി അവസാനത്തോടെ വിസ്താരം പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. എന്നാൽ ഇനിയും പലരേയും വിസ്തരിക്കേണ്ടതുണ്ട്.മാത്രമല്ല പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അസുഖബാധിതനായി ചികിത്സയിൽ കഴിയുകയാണ്. നിലവിൽ ഇദ്ദേഹത്തിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സ തുടരുന്നതിനാൽ തനിക്ക് കൊച്ചിയിൽ കോടതിയിൽ എത്താനാകില്ലെന്ന് ബാലചന്ദ്രകുമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ തിരുവനന്തപുരത്തേക്കാണ് മാറ്റിയിരിക്കുന്നത്. ഈ ഘട്ടത്തിൽ സമയം നീട്ടി കിട്ടാനായി വിചാരണ കോടതി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.












Click it and Unblock the Notifications