ദിലീപ് കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതം ബോധ്യപ്പെടുത്തണം; ഹൈക്കോടതി
കൊച്ചി; നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ടിന്റെ പ്രധാന്യം എന്താണെന്നെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടിയുടെ പ്രതികരണം.വിശദമായി വായിക്കാം
'സോ ഹോട്ട് ആന്റ് അട്രാക്റ്റീവ്'; സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ കീർത്തി സുരേഷ്..വൈറൽ ചിത്രങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു എഫ് എസ് എൽ നേരത്തേ വിചാരണ കോടതിക്ക് നൽകിയ റിപ്പോർട്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ 2018 ജനവരി 9 നും ഡിസംബർ 13 നും ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ഫോറൻസിക് ലാബിൽ പരിശോധിച്ച മെമ്മറി കാർഡ് ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയത്. ഇവയാണ് വീണ്ടും ആക്സസ് ചെയ്ത രീതിയിൽ പരിശോധനയിൽ കണ്ടെത്തിയത്. 9 ന് രാത്രി 10 മണിയോട് അടുത്തും 13 ന് ഉച്ചയോടെയുമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തതെന്നാണ് കണ്ടെത്തിയതെന്നായിരുന്നു മുൻ എഫ് എസ് എൽ ഉദ്യോഗസ്ഥൻ നേരത്തേ വെളിപ്പെടുത്തിയത്. അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആണ് മാറിയതെന്നും എന്നാൽ അതിനുള്ളിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹാഷ് വാല്യു മാറിയ സാഹചര്യത്തിൽ ദൃശ്യങ്ങൾ മറ്റേതെങ്കിലും ഡിവൈസ് ഉപയോഗിച്ച് പകർത്തിയോ എന്നതടക്കമുള്ള ആശങ്കകളാണ് നിയമ വിദഗ്ദർ ഉയർത്തുന്നത്. ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് നേരത്തേ അതിജീവിതയും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറി കാർഡിന്റെ പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു.

ഹാഷ് വാല്യു മാറിയെന്നത് പരിശോധിക്കേണ്ട സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്. അക്കാര്യം ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് ഈ ആവശ്യം തള്ളിയതെന്നും വിചാരണ കോടതി പറഞ്ഞിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡി ജി പി ഇന്ന് കോടതിയിൽ വാദിച്ചത്. എന്നാൽ ഹാഷ് വാല്യു മാറിയതിന്റെ പ്രാധാന്യം എന്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിന്റെ പ്രത്യാഘാതം എന്താണെന്നും ഹാഷ് വാല്യു മാറ്റം പ്രതിക്ക് ഗുണം ചെയ്യുമോയെന്നും കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ പെൻഡ്രൈവിൽ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതി കണ്ടെത്താൻ സാധിക്കാത്തത് പ്രോസിക്യൂഷനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഫോറൻസിക് പരിശോധനയിൽ തീയതി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ കേസിൽ ഏറെ നിർണായകമാണ്. അത് കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന ദിവസം തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് സാധിക്കുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications