'ബാലചന്ദ്രകുമാറിന് ജഡ്ജിയെ കാണുമ്പോൾ മുട്ടിടിക്കുന്നുണ്ടോ? ദിലീപ് സുപ്രീം കോടതിയിൽ പോയത് മഞ്ജുവിനെ തടയാനല്ല'
മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും ദിലീപ് തിരിച്ചടി നേരിട്ടിരുന്നു. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ദിലീപിന്റെ കൈകൾ ശുദ്ധമായത് കൊണ്ടും അദ്ദേഹത്തിന്റെ ഭാഗത്താണ് സത്യമെന്നുള്ളത് കൊണ്ടുമാണ് അദ്ദേഹം സുപ്രീം കോടതിയിൽ എത്തിയതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന സുപ്രീം കോടതി ഉത്തരവിൽ റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു രാഹുലിന്റെ പ്രതികരണം. വായിക്കാം

ദിലീപിന്റെ കൈകൾ ശുദ്ധമായത് കൊണ്ടാണ്
'ദിലീപ് മഞ്ജു വാര്യരെ വിചാരണ ചെയ്യേണ്ടെന്ന് പറഞ്ഞാൽ ഒരു കോടതിയും അംഗീകരിക്കാനുള്ള സാധ്യത വിരളമാണ്. ഈ കേസ് എത്രയും പെട്ടെന്ന് തീർക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പൊതുവെ പ്രതികളാണ് കേസ് വൈകിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവിടെ ദിലീപിന്റെ കൈകൾ ശുദ്ധമായത് കൊണ്ടും അദ്ദേഹത്തിന്റെ ഭാഗത്താണ് സത്യമെന്നുള്ളത് കൊണ്ടും മറച്ച് വെക്കാനില്ലാത്തത് കൊണ്ടുമാണ് അദ്ദേഹത്തിന് കേസ് വേഗം പൂർത്തിയാക്കണമെന്ന ആവശ്യമുള്ളത്.

മഞ്ജു കോടതിയിൽ എത്തുക തടയുകയായിരുന്നില്ല
ദിലീപിന്റെയോ മുകുൾ റോത്തഗിയുടേയോ ഉദ്ദേശം മഞ്ജു കോടതിയിൽ എത്തുക തടയുകയായിരുന്നില്ല. കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാതിരിക്കുകയെന്നതായിരുന്നു. അത് ഭാഗികമായി വിജയിച്ചിരിക്കുകയാണ്. ദിലീപിന് ഒന്നും മറയ്ക്കനില്ല. 2023 ഓടെ തന്നെ ഈ കേസിന്റെ വിചാരണ പൂർത്തിയാകുമെന്നാണ് കരുതുന്നത്. വിധി വരുമല്ലോ, കേസിൽ നീതി കിട്ടണം. പൾസർ സുനി അടക്കമുള്ളവർ ശിക്ഷിക്കപ്പെടണം. പക്ഷേ നിരപരാധിയായ ദിലീപ് വേട്ടയാടപ്പെടരുത്', രാഹുൽ പറഞ്ഞു.

ബാലചന്ദ്രകുമാറിന് മുട്ടിടിക്കുമോ
ബാലചന്ദ്രകുമാറിന് ജഡ്ജിയെ അഭിമുഖീകരിക്കാൻ എന്തെങ്കിലും പേടിയുള്ളത് കൊണ്ടാണോ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റേണ്ടതെന്ന് ആവശ്യപ്പെടുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ജഡ്ജിയുടെ മുൻപിൽ വന്നാൽ ബാലചന്ദ്രകുമാറിന് മുട്ടിടിക്കുമോ, അല്ലെങ്കിൽ ജഡ്ജിയെ ബാലചന്ദ്രകുമാറിന് ഭയമാണോയെന്നൊക്കെ സാധാരണക്കാർ ചിന്തിക്കില്ലേ? ഇത് നേരെ തിരിച്ച് ദിലീപാണ് ചെയ്തിരിക്കുന്നെങ്കിൽ ദിലീപിനെതിരെ എന്തൊക്കെ പറഞ്ഞേനെ, ദിലീപിന് ജഡ്ജിയെ കാണുമ്പോൾ മുട്ടു വിറക്കും എന്നൊക്കെ പറയുമായിരുന്നല്ലോ', രാഹുൽ ഈശ്വർ പറഞ്ഞു.

കേസ് നല്ല രീതിയിലേക്ക് പോകാനുള്ള സാധ്യത കൂടുകയാണ്
അക്രമം നടന്നിട്ട് ആറ് വർഷവും വിചാരണ തുടങ്ങിയിട്ട് മൂന്ന് വർഷവുമാകുന്നു. കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ പ്രതി നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ഒരു ക്യാമ്പെയ്ൻ ഇവിടെ നടക്കുന്നുണ്ട്. അതിന്റെ പുറത്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ വിധി ആശ്വാസകരമാണ്. മഞ്ജുവിനെ വിസ്തരിക്കാൻ അനുവദിക്കരുതെന്ന ആവശ്യം വിചാരണ കോടതി അംഗീകരിക്കാത്തത് കൊണ്ടായിരിക്കില്ലേ സുപ്രീം കോടതിയിലേക്ക് പോയത്.ഈ കേസ് നല്ല രീതിയിലേക്ക് പോകാനുള്ള സാധ്യത കൂടുകയാണ്', പ്രകാശ് ബാരെ പറഞ്ഞു'.

സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിലപാട് പ്രതീക്ഷ നൽകുന്നതാണ്
അതേസമയം പ്രാഥമികമായി സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിലപാട് പ്രതീക്ഷ നൽകുന്നതാണ്.ഒട്ടേറെ ചുഴികൾ ഉള്ള കേസാണ് ഇത്. രണ്ടാമത് അധികകുറ്റപത്രം നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതിയും വിചാരണ കോടതിയും പറഞ്ഞതാണ്. ഇനിയും കേസിൽ തടസവാദം ഉന്നയിച്ച് മേൽ കോടതികളിൽ പോകാതിരിക്കുകയാണ് വേണ്ടത്.

ദിലീപ് സുപ്രീം കോടതിയിലേക്ക് പോയത്
നടി ആക്രമിക്കപ്പെട്ട കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് വിചാരണ കോടതിയാണ്. എന്നിരുന്നാലും വിസ്തരിക്കേണ്ടെന്ന് വിചാരണ കോടതി പറഞ്ഞാൽ അതിൽ എന്തെങ്കിലും നിയമവിരുദ്ധകാര്യം പ്രഥമദൃഷ്ട്യാ ഉണ്ടായാൽ അക്കാര്യം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം. എന്തൊക്കെയോ ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാകണം ദിലീപ് സുപ്രീം കോടതിയിലേക്ക് പോയത്. കേസ് പ്രോസിക്യൂഷൻ നീട്ടിക്കൊണ്ട് പോകുന്നുവെന്ന പെട്ടെന്ന് ചിലവാകുന്ന വാദവും കൊണ്ടാണ് സുപ്രീം കോടതിയിലേക്ക് പോയത്. അപ്പീലിങ്ങായ വാദമാണല്ലോ,കാരണം കേസ് നീണ്ട് പോകുന്നത് ഒരു കോടതിയും പ്രോത്സാഹിപ്പിക്കില്ല, പ്രിയദർശൻ തമ്പി പറഞ്ഞു.












Click it and Unblock the Notifications