സംവിധായകന്‍ ബാലചന്ദ്രകുമാർ അന്തരിച്ചു: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി
ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 2013 ല്‍ ആസിഫലി, ബാല, ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
രണ്ട് വൃക്കകളും തകരാറിലായിരുന്ന ബാലചന്ദ്രകുമാർ ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ തുടർച്ചയായ ഹൃദയാഘാതം സംഭവിച്ചതും ആരോഗ്യനില വഷളാക്കി. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാക്കുകയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാലചന്ദ്രകുമാറിനെ ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ബൈപ്പാസ് സർജറി. പിന്നീടാണ് അണുബാധ സ്ഥിരീകരിക്കുന്നത്.

രോഗം അലട്ടുമ്പോഴും നടിയെ ആക്രമിച്ച കേസിലെ വിചാരണക്കായി അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്.
ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്ന സുപ്രധാനമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2015ൽ ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്ന ചിത്രം ബാലചന്ദ്ര കുമാർ പ്രഖ്യാപിച്ചിരുന്നു. ആ സമയത്താണ് ദിലീപും ബാലചന്ദ്രകുമാർ അടുക്കുന്നത്. ദിലീപിന്റെ വീട്ടിലെ നിത്യസന്ദർശകരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ 2017 ല്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. സിനിമയ്ക്കായി ദിലീപ് തനിക്ക് പണം തന്നിട്ടില്ലെന്നും സിനിമ താനാണ് വേണ്ടെന്ന് വെച്ചതെന്നുമായിരുന്നു ബാലചന്ദ്രകുമാർ പിന്നീട് വ്യക്തമാക്കിയത്.












Click it and Unblock the Notifications