ദിലീപ് മഞ്ജു വാര്യരെ വിവാഹ മോചനം ചെയ്തതാണോ നിങ്ങളുടെ പ്രശ്നം: തുറന്ന് പറച്ചിലുമായി അഖില്‍ മാരാർ
നടി ആക്രമിക്കപ്പെട്ട കേസിലെ തന്റെ മുന്‍ നിലപാടുകള്‍ ആവർത്തിച്ച് സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ട ദിലീപിനോട് ഭാവിയില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും മാപ്പ് പറയേണ്ടി വരുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റെന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിനെ പിന്തുണച്ച് ഞാന്‍ രംഗത്ത് വന്നത് പലർക്കും ഇഷ്ടമായില്ല. നിങ്ങള്‍ പറയുന്ന പല കാര്യങ്ങളിലും യോജിപ്പ് ഉണ്ടെങ്കിലും ഇതിനോട് യോജിപ്പില്ലെന്നും പറഞ്ഞു. ബിഗ് ബോസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നം ഉന്നയിച്ച ഞാന്‍ ദിലീപിനെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന രീതിയിലുള്ള അഭിപ്രായങ്ങളും ഉയർന്ന് വന്നു.

എന്റെ നിലപാടുകള്‍ക്ക് പിന്നില്‍ വളരെ കൃത്യമായ കാരണങ്ങളുണ്ട്. കോടതിയില്‍ ഇരിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ ഒരുപാട് ഡീറ്റിയല്‍ ചെയ്ത് ഇപ്പോള്‍ പറയുന്നില്ലെങ്കില്‍ പോലും ഒന്ന് പറയാം. പള്‍സർ സുനി എന്ന് പറയുന്ന ഒരുവന്‍ പൊലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേക്ക് ഇയാള്‍ ഇത് ചെയ്തു എന്നതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് ബോധ്യമാണുള്ളതെന്നും അഖില്‍ മാരാർ ചോദിക്കുന്നു.
കേരള പൊലീസിനെ പോലെ ഒരു കേസ് കെട്ടിച്ചമയ്ക്കാനുള്ള മിടുക്ക് വേറെ ഒരു പൊലീസിനും ഇല്ല. എന്നോട് നാദിർഷ നേരിട്ട് പറഞ്ഞ ഒരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.
അന്ന് നാദിർഷ പറഞ്ഞത്. "ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന് എന്തെങ്കിലും കൈഅബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ ആരെ അറിയിച്ചില്ലെങ്കിലും അവൻ അത് എന്നോട് സൂചിപ്പിക്കും. പക്ഷെ ഇങ്ങനൊരു കാര്യം അവൻ എന്നോട് പറഞ്ഞിട്ടില്ല" എന്നായിരുന്നു. ഇത് സ്റ്റേറ്റ്മെന്റായി കൊടുക്കാൻ അന്ന് പോലീസ് നാദിർഷയോട് പറഞ്ഞു. എന്നാൽ ഒരു കൈഅബദ്ധം പറ്റിയിട്ടുണ്ട്. ബാക്കി നീ വരുമ്പോൾ സംസാരിക്കാം എന്ന തരത്തിലേക്ക് അവർ അത് എഴുതിച്ചേർക്കുകയായിരുന്നു.
പിന്നീട് കോടതിയിൽ വെച്ച് നാദിർഷ ജഡ്ജിയോട് പറഞ്ഞു, ഞാനങ്ങനെ പറഞ്ഞിട്ടില്ല, ഇയാള്‍ കള്ളത്തരം എഴുതി ചേർത്തതാണെന്ന്. ഇതിന്റെയൊക്കെ ഉദ്ദേശം എന്താണ്. പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിക്ക് നമുക്ക് പൂർണ്ണ പിന്തുണ കൊടുക്കാം. പക്ഷെ അത് ഇയാളാണ്‍ ചെയ്തതെന്ന് എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനം വിശ്വസിക്കുകയെന്നാണ് ഞാന്‍ ചോദിക്കുന്നത്.
മഞ്ജു വാര്യരുമായി ഡിവോഴ്സായി എന്നതാണോ പ്രശ്നം. കുടുംബജീവിതത്തിൽ പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു മനുഷ്യന് ഒന്നിലധികം ആളുകളോട് ഇഷ്ടം തോന്നിയേക്കാം. അക്കാര്യത്തിൽ എല്ലാം നിങ്ങൾക്ക് വിമർശിക്കാം. ഇവിടെ ദിലീപ് എന്ന മനുഷ്യന്‍ പൾസർ സുനിയെ കണ്ടിട്ട് പോലുമില്ല. ഫോട്ടോ പോലും ഫാബ്രിക്കേറ്റഡാണെന്നും അഖില്‍ മാരാർ അവകാശപ്പെടുന്നു.
എന്ത് അടിസ്ഥാനത്തിലാണ് പള്‍സർ സുനി ദിലീപിന്റെ പേര് പറഞ്ഞത് എന്നത് പൊലീസോ അല്ലെങ്കില്‍ മറ്റൊരു ഏജന്‍സിയോ വളരെ പ്രധാന്യത്തോടെ അന്വേഷിക്കേണ്ട കാര്യമാണ്. ദിലീപിനേയും പള്‍സർ സുനിയേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തെളിവും കേരള പൊലീസിന് കിട്ടിയിട്ടില്ല. ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തുകൊണ്ട് തന്റെ ഒരു കാര്യം നേടിയെടുക്കേണ്ട ആവശ്യം ഇല്ലാത്തയാളാണ് ദിലീപെന്നും അഖില്‍ മാരാർ അഭിമുഖത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications