വിളിച്ചിട്ട് ഫോണെടുത്തില്ല, വീട്ടില്‍ നോട്ടീസ് പതിച്ചു; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. നാളെയാണ് ഇരുവരേയും ചോദ്യം ചെയ്യുക എന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുക്കാതിരുന്നതോടെ അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്. നാളെ (ബുധനാഴ്ച) പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കില്ല. ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ഇനി എന്ത് തുടര്‍ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പദ്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണം എന്നാണ് കാവ്യ മാധവന്റെ നിലപാട്. ഇതിനിടെ കേസില്‍ മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്.

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാനും ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന സംഭവവും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും. ഈ വിഷയങ്ങളില്‍ പീച്ചി പൊലീസും, കാസര്‍ഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണ ക്കോടതില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുത് എന്ന വ്യവസ്ഥയോടെ ആയിരുന്നു 2017 ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടല്‍ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോള്‍ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാത്രമല്ല കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താര നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ദിലീപിനെതിരെ അന്വേഷണ സംഘം ഉന്നയിക്കും. തുടരന്വേഷണം നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലില്‍ അടയ്ക്കണം എന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ശേഖരിച്ച ശബ്ദ സാംപിളുകളുടെ അടക്കം തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം.

അതിനിടെ കോടതി രേഖകള്‍ ചോര്‍ന്നെന്ന പ്രതിഭാഗം ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി. സായി ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിനെ പുതിയ വഴിയിലെത്തിച്ചത്. പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശബ്ദരേഖകളും ദിലീപിന് പ്രതികൂലമാണ്. ഇതിന്റെ ബലത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം അന്വേഷണ സംഘം വിചാരണ കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.












Click it and Unblock the Notifications