പള്‍സര്‍ സുനിയുടെ പുതിയ നീക്കം; ജയില്‍ മോചനം ലക്ഷ്യം... ജാമ്യം തേടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ സുപ്രീംകോടതിയില്‍. ജാമ്യം തേടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഈ വേളയില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എന്നാല്‍ താന്‍ മാത്രമാണ് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതി എന്ന് സുനി ബോധിപ്പിക്കുന്നു.
വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണം. കേസിലെ പ്രതി ദിലീപ് താരപരിവേഷമുള്ള വ്യക്തിയാണ്. അതിനാല്‍ പല കാരണങ്ങളാല്‍ വിചാരണ നീണ്ടു പോകുകയാണെന്നും സുനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കാന്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം സുനിയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ജൂലൈയില്‍ അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷം ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒരു പ്രതിക്ക് ജാമ്യം കിട്ടിയത്. പക്ഷേ, സുനി മാത്രം ജയിലിലാണ്.
ഇക്കാര്യമാണ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച വേളയിലും സുനി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നടി പോലീസിന് നല്‍കിയ മൊഴി ഹൈക്കോടതി പരിശോധിച്ചു. ശേഷമാണ് സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആറിന് തള്ളിയത്. നടി ക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് വിലയിരുത്തലാണ് ഈ തീരുമാനത്തിന് കാരണം. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നതും പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം ഗൗരവമുള്ളതാണെന്നുമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. വിചാരണ നടപടികള്‍ രഹസ്യമായി പുരോഗമിക്കുകയാണ്. ഇനിയും ചിലരെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിരുന്നു. വൈകാതെ വിചാരണ കോടതി കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. അതിനിടെയാണ് സുനി ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. അതിക്രമിച്ച് കടന്നവര്‍ കാറില്‍ വച്ച് നടിയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിലീപുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണിതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. റിമാന്റില്‍ കഴിയവെ സുനി സഹതടവുകാരന്റെ സഹായത്തോടെ ദിലീപിന് കത്തയച്ചു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications