എന്ത് മണ്ടത്തരമാണ് ഇവരീ പറയുന്നത്: തൃശൂർ പൂരമാണോ കൂട്ടിച്ചേർത്തത്, കൂമ്പിന് നാല് കൊടുക്കണം: ശാന്തിവിള
നടി ആക്രമണക്കേസിലെ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ദിലീപ് അനൂകൂലിയും സംവിധായകനുമായി ശാന്തിവിള ദിനേശ്. വിചാര കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം സുപ്രീംകോടതി തളളിയ പശ്ചാത്തലത്തിലായിരുന്നു ശാന്തിവിള ദിനേശിന്റെ വിമർശനം.
അതിജീവിതയുടെ അഭിഭാഷക ടിബി മിനി, മാധ്യമപ്രവർത്തകന്‍ നികേഷ് കുമാർ, സിനിമാ പ്രവർത്തകരായ ബൈജു കൊട്ടാരക്കര, പ്രകാശ് ബാരെ എന്നിവർക്കെതിരെയാണ് ശാന്തിവിളയുടെ വിമർശനം. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ നടത്തിയ പ്രതികരണത്തിലായിരുന്നു സംവിധായകന്‍ തന്റെ നിലപാടുകള്‍ ആവർത്തിച്ചത്.

വിചാരണക്കോടതി ജഡ്ജി വാദി ഭാഗം പറയുന്നതൊന്നും കേള്‍ക്കുന്നില്ല, ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉടക്കിടുന്നു എന്നൊക്കെ പറഞ്ഞിരുന്ന ടിബി മിനി ഇപ്പോള്‍ പറയുന്നത് ഞങ്ങള്‍ പറയുന്നതൊകെ ജഡ്ജി കേള്‍ക്കുണ്ടെന്നാണ്. ഒരു വക്കീലാണ് ഇതൊക്കെ പറയുന്നതെന്ന് ഓർക്കണം. ജഡ്ജിയോടുള്ള വിരോധമൊക്കെ തീർന്നോയെന്നാണ് ചോദിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഒരു ജഡ്ജിയെ മാറ്റാനുള്ള ക്രൈറ്റീരിയ എന്തൊക്കെയാണെന്ന് സാധാരണക്കാരായ നമുക്ക് അറിയില്ലെന്നാണ് ഒരു ബാരെ പറയുന്നത്. ഒരു ചുക്കും അറിയില്ലെങ്കിലും എന്തും കേറി പറയും. നിയമസംവിധാനങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ, അല്ലാതെ പൊട്ടത്തരങ്ങള്‍ വിളിച്ച് പറയേണ്ട ആവശ്യമുണ്ടോ.

ജഡ്ജിക്ക് ഈ കേസിനോടുള്ള സമീപനമൊക്കെ പ്രശ്നമാണെന്ന് ബാരെ പറയുന്നു. അടച്ചിട്ട കോടതി മുറിയില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ഈ ബാരെയ്ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുന്നത്. കേട്ടുകേള്‍വിയല്ലേ അദ്ദേഹത്തിനുള്ളു. എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്ന അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണമെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

തെളിവുകള്‍ ഒരു കോടതിയില്‍ ഹാജരാക്കി ശുദ്ധീകരിച്ചെടുത്തില്ലെങ്കില്‍ പോലും പൊതുജനമധ്യത്തില്‍ കാണുന്ന തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ സംഭവം ശരിയല്ലെന്ന് തോന്നുന്നുവെന്നും ബാരെ പറയുന്നുണ്ട്. അതായത് ഏത് കോടതി ഇനിയെന്ത് വിധിച്ചാലും പൊതു ജനത്തിന് ഒരു ധാരണയുണ്ട്. അതുകൊണ്ട് തന്നെ കോടതി വെറുതെ വിട്ടാലും ദിലീപിനെ ഞങ്ങള്‍ വെറുതെ വിടില്ലെന്നാണ് ഈ പറയുന്നതിന്റെ അർത്ഥം.

ഈ പറയുന്നതും കോടതിയലക്ഷ്യമല്ലേ. ഒരു ജഡ്ജ് തന്റെ മുന്നില്‍ വരുന്ന തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ ഒരു വിധി പറഞ്ഞാലും ആ വിധി ഞങ്ങള്‍ അംഗീകരിക്കില്ല, ദിലീപ് തന്നെയാണ് ഇത് ചെയ്തതെന്ന് ഒരു ധാരണ ഞങ്ങള്‍ പൊതുസമൂഹത്തിനുണ്ട്. അതില്‍ നിന്ന് മാറ്റം വരുത്തില്ലെന്ന് ബാരെ പറയുമ്പോള്‍ അതിനെതിരെ കേസ് എടുക്കണ്ടേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ഏത് ജഡ്ജി വന്നാലും ഇത് തന്നേയായിരിക്കില്ലേ കാര്യങ്ങള്‍. വിധിയൊക്കെ നേരത്തെ തന്നെ റെഡിയാക്കി വെച്ചിട്ട് പ്രഹസനം പോലെ സാക്ഷി വിസ്താരം നടക്കുന്നുവെന്നാണ് ഒരു സ്ത്രീ പച്ചക്ക് പറഞ്ഞത്. കോടതിയെ ശകലമെങ്കിലും ഭയമുണ്ടെങ്കില്‍ ഇങ്ങനെ പറയുമോ. ബൈജു കൊട്ടാരക്കര ഇപ്പോള്‍ ലേലു അല്ലു ലേലു അല്ലു എന്ന് പറഞ്ഞ് നടക്കുന്നത് പോലെ ഒരിക്കലെങ്കിലും ഇവരെയൊക്കെ പിടിച്ച് കോടതി കാര്യങ്ങള്‍ ചോദിച്ചാല്‍ ഇങ്ങനെ പറയുമോ.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ട്, ഇക്കാര്യത്തില്‍ അന്വേഷണം വന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകകയുള്ളുവെന്ന് ബാരെ പറയുന്നുണ്ട്. മെമ്മറി കാർഡിലേക്ക് വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും പറയുന്നു. വേറെ എന്താണ് തൃശൂർ പൂരമാണോ കൂട്ടിച്ചേർത്തത് ശാന്തിവിള ദിനേശ് പരിഹസിക്കുന്നു.

എന്തൊക്കെ മണ്ടന്‍ കാര്യമാണ് ഇവരീ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ നട്ടെല്ലുവർ ആണെങ്കില്‍ ഇവനെയൊക്കെ പിടിച്ച് കൂമ്പിന് ഇടി കൊടുത്ത് എന്തൊക്കെ മണ്ടത്തരമാണ് ഈ പറയുന്നതെന്ന് ചോദിക്കില്ലേ. ചോദിക്കില്ല, നടിക്കും അക്കാര്യത്തില്‍ ബുദ്ധിമുട്ടില്ല. വിവരങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ടോ, പുറത്ത് പോയിട്ടുണ്ടോയെന്നും ബാരെ ചോദിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ പൊലീസിനോടാണ് ചോദിക്കേണ്ടതെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications