'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം, മെമ്മറി കാർഡ്, കോടതി മാറ്റം'; രഹസ്യ വാദം ഇന്നും തുടരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ ഇന്നും രഹസ്യവാദം തുടരും. വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസിന്റെ കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ എറണാകുളം പ്രത്യേക സി ബി ഐ കോടതിയിൽ തുടരണമെന്നതാണ് അതിജീവിതയുടെ നിലപാട്.

ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ ജഡ്ജിക്ക് കീഴിൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങൾ നടി ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. രഹസ്യ വാദമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും. വിചാരണ കോടതിയെ മാറ്റാം എന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചാൽ അത് അതിജീവിതയെ സംബന്ധിച്ച് വലിയ വിജയമായിരിക്കുമെന്നാണ് അവരെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പുരുഷ കോടതി പരിഗണിച്ചാലും തനിക്ക് പരാതിയില്ലെന്ന നിലപാടിലാണിപ്പോൾ അതിജീവിത.നേരത്തേ അതിജീവിതയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു കേസിൽ വനിതാ ജഡ്ജിയെ നിയോഗിച്ചത്.

അതേസമയം ഹൈക്കോടതിയിൽ രഹസ്യ വാദം തുടരുന്ന സാഹചര്യത്തിൽ കേസിന്റെ വിചാരണ നീട്ടി വെയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഒരു കാരണവശാലും വിചാരണ നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നിർദ്ദേശം ഉണ്ടെന്നുമായിരുന്നു വിചാരണ കോടതി ചൂണ്ടിക്കാട്ടിയത്.

നേരത്തേ ജനവരി 31 നകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയായിരുന്നു വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം അധികമായി അനുവദിച്ചത്. നാലാഴ്ചക്കകം വിചാരണ നടപടികളുടെ പുരോഗതി അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും എന്ന് വിചാരണ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ വിചാരണ കോടതിയും തീരുമാനം വ്യക്തമാക്കിയിട്ടില്ല. അതിനിടെ അധിക കുറ്റപത്രത്തിലെ പ്രതിയായ ശരതിനെ കോടതിയിൽ ഹാജരാക്കാനുള്ള വാദവും കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ നടന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ അധിക കുറ്റപത്രത്തിൽ ശരത് മാത്രമാണ് കേസിലെ പുതിയ പ്രതി. ഇയാളാണ് ദിലീപിന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് എത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും വ്യവസായിയുമാണ് ശരത്.

കേസിൽ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് കൊണ്ടായിരുന്നു അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം അന്വേഷിക്കുമെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ കുറ്റപത്രം സമർപ്പിച്ച പിന്നാലെ അന്വേഷണത്തിൽ മെല്ല പോക്കാണെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കേസിലെ ഏറ്റവും നിർണായകമായ മെമ്മറി കർഡിന്റെ ഹാഷ് വാല്യു മാറ്റത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഇതുവരെ വിചാരണ കോടതി തയ്യാറാകാത്തതിലും ഇവർ അതൃപ്തി ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications