'അതിജീവതയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ..കേസ് തോൽക്കുമെന്ന് എല്ലാവർക്കും അറിയാം'; രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് അതിജീവിത. കേസിന്റ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അവർ വിചാരണ കോടതിയിൽ ഇന്ന് ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസിപ്പിക്കണമെന്നും തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ നടക്കുന്നുവെന്നും ഹർജിയിൽ അതിജീവിത പറഞ്ഞു.
അതേസമയം അതിജീവിതയുടെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് അനുകൂലിയും സാമൂഹ്യനിരീക്ഷകനുമായ രാഹുൽ ഈശ്വർ. കേസ് പരാജയപ്പെടുമെന്നായപ്പോൾ അവസാന നിമിഷം കാണിക്കുന്ന തത്രപ്പാടാണ് ഇതൊക്കെയെന്ന് രാഹുൽ പരിഹസിച്ചു. മലയാളം ന്യൂസ് 18 നോടായിരുന്നു പ്രതികരണം. വായിക്കാം

'ഇത്തരമൊരു ഹർജി കൊടുക്കാനുള്ള അവകാശം അതിജീവിതക്കുണ്ട്. നടപടിയെ പൂർണമായും ബഹുമാനിക്കുന്നു. എന്നാൽ അത് ഈ ഘട്ടത്തിൽ സാധ്യമാണ് എന്ന് അറിയില്ല. കേസിൽ അന്തിമ വാദം നടക്കുകയാണ്. പൂർണമായും കോടതിയുടെ ഡിസ്ക്രീഷനാണ്. അതേസമയം കേസ് അവരുദ്ദേശിക്കുന്ന രീതിയിൽ പോകുന്നില്ലെന്ന് കാണുമ്പോൾ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമോപദേശങ്ങൾ മാത്രമായിരിക്കും ഇതൊക്കെ എന്നാണ് സാധരണ ജനങ്ങൾക്ക് തോന്നുക. രാഷ്ട്രപതിക്ക് കത്തയച്ചതുകൊണ്ടൊന്നും കാര്യമില്ല. കോടതിയിൽ നടക്കുന്ന പ്രശ്നത്തിൽ രാഷ്ട്രപതിക്ക് എങ്ങനെ ഇടപെടാൻ സാധിക്കും? അവസാനനിമിഷത്തെ തത്രപ്പാട് എന്നൊരു തോന്നലുണ്ടാക്കാൻ ഇത് കാരണമാകും.
ഇതൊക്കെ പിആർ ആക്റ്റിവിറ്റിയാണ്. അതിജീവിതക്ക് അവകാശങ്ങളുണ്ട്. അവരുടെ ഏത് നീക്കത്തേയും ബഹുമാനിക്കുന്നു. പക്ഷെ വിയോജിപ്പോടെ മാത്രമേ ഇതിനെയൊക്കെ കാണുന്നുള്ളൂ. തുറന്ന കോടതിയിൽ വാദം നടക്കുന്നുവെന്ന ആവശ്യം കോടതി നിരസിച്ചാൽ അടഞ്ഞ കോടതിയിൽ എന്തോ രഹസ്യം നടക്കുന്നുവെന്ന് പിന്നീട് പറയാൻ വേണ്ടിയാണ്. അതിജീവിതയുടെ കൂടെയുള്ള അവരെ തെറ്റിധരിപ്പിക്കുകയാണ്. അവരുടെ വിഷമം മുതലെടുത്ത് തങ്ങളുടേതായ കാര്യങ്ങൾ ചെയ്യുകയാണ്. കേസിൽ മെറിറ്റില്ല, കേസ് തോൽക്കുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് കേസ് തോൽക്കുമ്പോൾ ന്യായമുണ്ടാക്കാനുള്ള ശ്രമമാണ്', രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം തന്റെ താത്പര്യമല്ല അടിച്ചിട്ട കോടതി മുറിയിൽ വാദം നടത്തുന്നതിലൂടെ സംരക്ഷിക്കപ്പെടുന്നത് എന്ന തോന്നലാണ് അതിജീവിതയുടെ ഹർജിയിലൂടെ മനസിലാക്കാൻ സാധിക്കുന്നതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ പ്രതികരിച്ചു. കോടതിയിലുള്ള അവിശ്വാസമാണ് അതിജീവിത രേഖപ്പെടുത്തുന്നത്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. എന്തുകൊണ്ടാണ് മേൽക്കോടതികൾ ഇക്കാര്യത്തിൽ ഇടപെടാത്തതെന്നത് വളരെ വലിയ ചോദ്യമാണ്.
അതിജീവിതയുടെ ചെലവിൽ ഇനി ഇൻ ക്യാമറ പ്രൊസീഡിങ്സ് വേണ്ടെന്ന നിലപാടാണ് അവർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അവിടെ നടക്കുന്നത് ജനങ്ങൾ അറിയട്ടെയെന്ന അതിജീവിതയുടെ നിലപാട് തീർച്ചയായും സ്വാഗതാർഹമാണ്. ഈ വിചാരണയിൽ ഇനി രഹസ്യസ്വഭാവം വേണമോയെന്നത് കോടതിയാണ് പറയേണ്ടത്, ഇനി അക്കാര്യം കോടതി പറയുമോയെന്ന് നോക്കാം. അതേസമയം ആവശ്യത്തിന് പിന്നിലുള്ള കാരണം കൂടി അതിജീവിത ബോധ്യപ്പെടുത്തേണ്ടി വരും. അങ്ങനെയെങ്കിൽ അത് മെറിറ്റിൽ തന്നെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്', ഹരീഷ് വാസുദേവൻ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം ആരംഭിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരാനിരിക്കുന്നത്.












Click it and Unblock the Notifications