'പൾസർ സുനി എങ്ങനെ ലക്ഷങ്ങൾ കൊടുത്ത് അഭിഭാഷകയെ നിയമിക്കും? പിന്നിൽ ആരോ ഉണ്ടെന്ന് സംശയമുണ്ട്'; രാഹുൽ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച പ്രതി പൾസർ സുനിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 6 വർഷമായി വിചാരണ തടവുകാരനായി തുടരുകായാണെന്നും വിചാരണ നീണ്ട് പോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പൾസർ സുനിയുടെ ആവശ്യം. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
പ്രമുഖ അഭിഭാഷകയായ സന റഈസ് ബോറയായിരുന്നു പൾസർ സുനിക്ക് വേണ്ടി ഹാജരായത്. ഇന്ദ്രാണി മുഖർജി കേസ് ഉൾപ്പെടെ നിരവധി പ്രമുഖർക്ക് വേണ്ടി ഹാജാരായ അഭിഭാഷകയാണ് സന. എന്നാൽ ഒറ്റ സിറ്റിംഗിന് തന്നെ ലക്ഷങ്ങൾ വാങ്ങുന്ന സന എങ്ങനെ പൾസർ സുനിക്ക് വേണ്ടി ഹാജരായി എന്ന ചോദ്യമാണ് ഉയരുന്നത്. സുനിയെ ഇറക്കാൻ സനയെ കൊണ്ടുവന്നതിന് പിന്നിൽ ആരോ ഉണ്ടെന്ന സംശയം ഉണ്ടെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് പ്രതികരണം.

'പൾസർ സുനിക്ക് ഇതുപോലൊരു അഭിഭാഷകരെ നിയമിക്കാൻ സാധിക്കുന്നത് എന്നത് വലിയ ചോദ്യമാണ്. ഇത് ആരുടെ താത്പര്യമാണ് എന്നതും ചോദ്യമാണ്. പക്ഷേ ഇത് രണ്ടും ഒരുപോലെ ചോദിക്കാൻ പറ്റില്ല. ഒന്നുകിൽ പൾസർ സുനിയെ ഇറക്കേണ്ടത് ആരുടെ താത്പര്യമാണെന്ന് ചോദിക്കാം, സുനി ഇറങ്ങിയാൽ അയാൾ തന്നെ സുനിയെ തീർക്കുമെന്ന് പറയാം, ഇനി അല്ല സുനി തന്നെയാണ് കേസുമായി പോകുന്നതെന്ന് പറയാം.
ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പൾസർ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പെട്ടെന്ന് കേൾക്കുമ്പോൾ പിന്നിൽ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്. പൾസർ സുനിക്ക് സാധാരണ നിലയിൽ ഇത്രയും വലിയ ഒരു അഭിഭാഷകയെ അതും ഒരു വനിതയെ ഇതുപോലൊരു കേസിൽ കൊണ്ടുവരിക എളുപ്പമല്ല.
പൾസർ സുനിയെ ഇറക്കാൻ ശ്രമിക്കുന്നത് ആരെന്ന് കണ്ടെത്തണം, എന്നാൽ അതിന് പിന്നിൽ ദിലീപാണെന്ന നിലയ്ക്കുള്ള സംശയം ജനിപ്പിച്ചിട്ട് കാര്യമില്ല. സുനിയെ ഇറക്കാൻ ശ്രമിക്കുന്നതാരെന്ന കാര്യം പുറത്തുകൊണ്ടുവരണം. അതിന് പിന്നിൽ ഒരിക്കലും ദിലീപ് ആകില്ലെന്ന് ഉറപ്പാണ്. ദിലീപിനെ കുടുക്കാൻ വേണ്ടിയുള്ള തന്ത്രമാണോയെന്ന് അന്വേഷിക്കണം', രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം ചില കേസുകളിൽ ഇത്തരത്തിൽ പ്രമുഖ അഭിഭാഷകർ ഹാജരാകുന്നതിന് പിന്നിൽ ചില ബന്ധങ്ങളാണെന്നും അക്കാര്യത്തിൽ പൈസ മാനദണ്ഡമാണെന്ന് കരുതുന്നില്ലെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ ബിഎ ആളൂർ പറഞ്ഞു.
ഇവിടെ പൾസർ സുനി എന്നല്ല ഏത് പ്രതിയും എങ്ങനെയാണ് തന്റെ കേസ് അഭിഭാഷകനെ ഏൽപ്പിച്ചതെന്നും അതിന് വേണ്ടി പണം കണ്ടെത്തിയതെന്നും അന്വേഷിക്കാനുള്ള യാതൊരു അധികാരവും സർക്കാരിന് ഇല്ല. അങ്ങനെ അന്വേഷണം നടത്താമായിരുന്നുവെങ്കിൽ ഇവിടെ ഒരു അഭിഭാഷകർക്കും ഫീസ് വാങ്ങി അന്വേഷണം ഏറ്റെടുക്കാൻ സാധിക്കുമായിരുന്നില്ല.
പ്രതി ഇറങ്ങിയാൽ പ്രതിയുടെ ജീവിന് ഭീഷണിയാണെന്നാണ് പറയുന്നത്. അപ്പോൾ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് ജയിൽ മോചിതനായാലും പ്രതിയുടെ ജീവന് ഭീഷണി ഉണ്ടാകില്ലേ? പ്രതി എങ്ങനെ അഭിഭാഷകനെ നിയമിച്ചു ആരെ നിയമിച്ചു എത്ര പണം കൊടുത്തു എന്നതൊന്നും അന്വേഷിക്കൽ അല്ല സംസ്ഥാനത്തിന്റെ ചുമതല.
സർക്കാരിന്റെ ഉത്തരവാദിത്തം എന്നത് ഇരയ്ക്ക് നീതി ലഭ്യമാക്കുകയെന്നതാണ്. അതിന് ലക്ഷ്യങ്ങളും കോടികളും ഇറക്കി യോഗ്യതയുള്ള അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തുകയെന്നതാണ്. ദിലീപ് എന്ന പ്രതിക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പെടുത്തുന്നത് ചിലപ്പോൾ ദിലീപ് പോലും ആയിരിക്കണമെന്നില്ല. ഇതൊക്കെ അന്വേഷിക്കണമെന്നാണോ?', ബി എ ആളൂർ പറഞ്ഞു.












Click it and Unblock the Notifications