'ദിലീപ് എന്നെ ഫോണിൽ വിളിച്ചു, ഇനിയുള്ള നീക്കം ഇതാണ്'; വെളിപ്പെടുത്തി സജി നന്ത്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിധി വന്നതിന് പിന്നാലെ വലിയ ആഹ്ളാദമാണ് ദിലീപ് പ്രകടിപ്പിച്ചത്. ഈ കേസിൽ തനിക്കെതിരെയാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ നിയമപോരാട്ടം ശക്തമാക്കാൻ തന്നെയാണ് ദിലീപിൻ്റെ തീരുമാനമെന്ന് പറയുകയാണ് ദിലീപ് അനുകൂലിയും നിർമ്മാതാവുമായ സജി നന്ത്യാട്ട്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വായിക്കാം
'നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഇല്ലാതെ ഷൂട്ട് ചെയ്യില്ല. എന്തിനാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്, ഒരു ആവശ്യത്തിന് വേണ്ടിയിട്ടല്ലേ. ഒന്നുകിൽ ബ്ലാക്ക്മെയിലിങ് അല്ലെങ്കിൽ പകതീർക്കൽ, ഈ രണ്ടിൽ ഒന്നാണെന്ന് ഏകദേശം ഉറപ്പല്ലേ.ദിലീപിനെ പെടുത്തണമെന്നത് ഒരു നാടകമായിരുന്നു. ആ നാടകം പൊളിഞ്ഞു. ദിലീപ് കോടികൾ മുടക്കി വക്കീലിനെ വെച്ചത് എന്തിനാണെന്നാണ് ഒരാൾ ചോദിച്ചത്. മൊത്തം അധികാര കേന്ദ്രങ്ങൾ ഒന്നിച്ച് തനിക്കെതിരെ നിൽക്കുമ്പോൾ അനുഭവിച്ചവന് മാത്രമേ അറിയുള്ളൂ. തെറ്റ് ചെയ്യാത്ത ഒരുത്തൻ അവന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ഏതറ്റം വരേയും പോകില്ലേ. എത്ര വക്കീൽ ഉന്നതൻ വന്നാലും തെളിവില്ലെങ്കിൽ വെറുതെ വിടും, തെളിവുണ്ടെങ്കിൽ രാമൻപിള്ള അല്ല ഇനി മൊത്തം കോടതി തീരുമിച്ചാലും വെറുതെ വിടാൻ പറ്റത്തില്ല.

നടി ആക്രമിക്കപ്പെട്ട കേസ് ഫാബ്രിക്കേറ്റ് ചെയ്തത് പോലീസുകാരാണെന്നാണ് ദിലീപിൻ്റെ വാദം. ഞാൻ ദിലീപുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ആ സംഭവത്തിന് പരിസരത്ത് കൂടി ഞാൻ പോയിട്ടുണ്ടെങ്കിൽ പോലും എനിക്ക് വിഷമം വരില്ലായിരുന്നുവെന്നാണ്. 27 സാക്ഷികൾ കൂറുമാറിയെന്നാണല്ലോ, അപ്പോൾ ബാക്കി വരുന്ന 263 സാക്ഷികൾ എവിടെ പോയി?കാശിക്ക് പോയോ? വലിയ ക്രൂരതയാണ് അവർ നിരപരാധിയായ ഒരാളോട് ചെയ്തത്. നിയമപരമായി പോരാടുമെന്ന് തന്നെയാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിന്റെ ഒരു ക്യാരക്ടർ വച്ച് ദിലീപിനെ അങ്ങനെ തീർക്കണം എന്നുള്ള ഒരു തീരുമാനം ഉണ്ടായിരുന്നു .ഇവര് ഒരു പക്ഷം മാത്രം പറയുന്നല്ല പത്രപ്രവർത്തനം, രണ്ടുവശവും പറയണം. ഭാഗ്യലക്ഷ്മിയെപോലുള്ളവർക്ക് ദിലീപിനോട് ഗ്രഡ്ജ് ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.അവർ രാജിവെച്ച് പോയതുകൊണ്ടൊന്നും സംഭവിക്കില്ല. ദിലീപിനെ ശിക്ഷിച്ചാലേ അതിജീവിതക്ക് നീതി കിട്ടൂ എന്ന് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ ശിക്ഷിക്കാൻ പറ്റൂ.
നടി കേസിൽ അപ്പീലിന് പോകണമെന്നാണ് ഞാൻ പറയുന്നത്. മെറിറ്റില്ലെങ്കിൽ കേസ് കോടതി എടുക്കുമോയെന്ന് അറിയില്ല. പക്ഷെ അപ്പീലിന് പോകണം. കാരണം കുറച്ചുകൂടി ക്ലാരിറ്റി വരുമല്ലോ. ഇനി ഹൈക്കോടതിൽ പോകുമ്പോഴും ഹൈക്കോടതി മോശമാണെന്ന് പറയുമോയെന്നതാണ് സംശയം. വിധി വന്നതിന് ശേഷം ദിലീപിമായി സംസാരിച്ചിരുന്നു. പുള്ളിക്ക് വലിയ സന്തോഷവും അതുപോലെ വിഷമവും ഉണ്ട്. ഒൻപത് കൊല്ലം പോയില്ലേ. ഇപ്പോഴും പലരും പലതും പറഞ്ഞ്ക്രൂശിക്കുകയാണ്.ദിലീപ് എന്നോട് നന്ദി പ്രകടിപ്പിക്കേണ്ട കാര്യമല്ല. അങ്ങിനെയൊരു ബാധ്യതയുടേയും ആവശ്യമില്ല. എനിക്കെതിരെ കേസ് വന്നപ്പോൾ ദിലീപ് വക്കീലിനെ തരാൻ തയ്യാറായിരുന്നു. അതിൻ്റെ ആവശ്യം ഇല്ലെന്ന് ഞാൻ പറഞ്ഞു.
ദിലീപിനെ സംഘടനിയിലേക്ക് തിരികെയെടുക്കണോയെന്നതൊക്കെ തീരുമാനിക്കേണ്ടത് ഓരോ സംഘടനക്കാരും ആണ്. അതിൽ നാട്ടുകാർക്കെന്താണ് കാര്യം. ദിലീപ് അംഗത്വം സ്വീകരിക്കുമോയെന്നത് പ്രധാന ചോദ്യമാണ്. അദ്ദേഹത്തെ സംബന്ധിച്ച് സംഘടനയുടെ ഭാഗമായിട്ടില്ലെങ്കിൽ എന്താണ് പ്രശ്നം',സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications