ദിലീപ് കേസില്‍ വീണ്ടും അന്വേഷണം; റിപ്പോര്‍ട്ട് 20ന്... സംവിധായകന്റെ മൊഴിയെടുത്തു
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിച്ച കേസില്‍ വീണ്ടും അന്വേഷണം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20ന് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. കേസ് വീണ്ടും 20ന് കോടതി പരിഗണിക്കും. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അന്ന് കോടതി പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും വിചാരണ നിര്‍ത്തിവയ്ക്കണോ എന്ന കാര്യം തീരുമാനിക്കുക.

വിചാരണ നിര്‍ത്തിവയ്ക്കണം, ബാലചന്ദ്രയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണം എന്നീ ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. അന്വേഷണത്തിന് കോടതി അനുമതി നല്‍കി. മറ്റു കാര്യങ്ങള്‍ 20ന് തീരുമാനിക്കും. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബാലചന്ദ്രകുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇനി വിശദമായ അന്വേഷണം നടത്താനാണ് സമയം അനുവദിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന് കരുതുന്ന വീഡിയോ ദിലീപ് കണ്ടുവെന്നാണ് ബാലചന്ദ്ര വെളിപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരത്തെ ബന്ധമുണ്ടെന്നും ബാലചന്ദ്ര പറയുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയ വേളയില്‍ ഒരു വിഐപി വീട്ടിലെത്തുകയും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണിച്ചുവെന്നുമാണ് ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ദിലീപിന് പുറമെ ദൃശ്യങ്ങള്‍ കണ്ട മറ്റുള്ളവരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ബാലചന്ദ്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എനിക്ക് നീതി കിട്ടണം, പുതിയ പ്രോസിക്യൂട്ടറെ വേഗത്തില്‍ നിയമിക്കണം, പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് നടി കത്തില്‍ ഉന്നയിച്ചത്. വിചാരണ കോടതിക്കെതിരെ സംശയം പ്രകടിപ്പിച്ച് ആദ്യ പ്രോസിക്യൂട്ടര്‍ എ സുരേഷന്‍ രാജിവച്ചിരുന്നു. രണ്ടാം പ്രോസിക്യൂട്ടറായ വിഎന്‍ അനില്‍കുമാറും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവച്ചു.
ഇപ്പോള്‍ പ്രോസിക്യൂട്ടല്‍ ഇല്ല. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള സമയം കൂടി പരിഗണിച്ചാണ് വിചാരണ കോടതി കേസ് അടുത്ത 20ലേക്ക് മാറ്റിയത്. അന്വേഷണ സംഘമാണ് സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നിലെന്ന് ദിലീപ് ആരോപിക്കുന്നു. ഇരയായ നടിയുടെ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.












Click it and Unblock the Notifications