"ദിലീപ് 10,000 രൂപ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ ഇട്ടു, ആകെ ഒന്നര കോടി രൂപയുടെ കൊട്ടേഷൻ"
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി വരാനിരിക്കെ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ ദിലീപിനെയും ഒന്നാം പ്രതിയായ പൾസർ സുനിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായും ഇവ പ്രോസിക്യൂഷൻ തെളിവുകളായി സമർപ്പിക്കപ്പെട്ടതായുമാണ് ലഭ്യമായ വിവരം. നടിയെ ആക്രമിക്കാനുള്ള കൊട്ടേഷന്റെ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ആകെ ഒന്നര കോടി രൂപയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്. അത് കേസ് ആവുകയാണെങ്കിൽ മൂന്നര കോടിയായി ഉയർത്തി തരാമെന്നും ദിലീപ് വാഗ്‌ദാനം ചെയ്‌തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടാതെ ഇതുമായി ബന്ധപ്പെട്ട പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ദിലീപ് പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 10,000 കൈമാറിയതിന്റെ രേഖകൾ അന്വേഷണത്തിനിടെ ലഭിച്ചു. ഇത് കൂടാതെ സുഹൃത്തായ നാദിർഷ വഴി 30,000 രൂപയും ദിലീപ് കൈമാറിയിട്ടുണ്ട്. ഇത് കൂടാതെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്.
മാത്രമല്ല പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ ഉൾപ്പെടെ കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷൻ അവകാശവാദം. ദിലീപും-പള്‍സര്‍ സുനിയും തമ്മില്‍ ഏഴിടങ്ങളിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. അബാദ് പ്ലാസയില്‍ അമ്മ ഷോ റിഹേഴ്‌സലില്‍ ഇടയിലും സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ജോര്‍ജ് ഏട്ടന്‍സ് പൂരം എന്നി സിനിമകളുടെ ലോക്കഷനിലും ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം കണ്ടെത്തി.
എന്നാൽ കേസില്‍ പള്‍സര്‍ സുനിയും, ദിലീപും നേരിട്ട് ഫോണ്‍ വിളിയോ സന്ദേശങ്ങളോ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇത് ആസൂത്രിത നീക്കമെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. ബോധപൂര്‍വമായ പദ്ധതിയുടെ ഭാഗമായാണ് നേരിട്ടുള്ള ആശയവിനിമയം ഒഴിവാക്കിതെന്നും ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാൻ ആയിരുന്നു ഇതെന്നും പ്രോസിക്യൂഷൻ പറയുന്നു.
വേറെയും കണ്ടെത്തലുകൾ ദിലീപിന് പ്രതികൂലമായി കേസിൽ ഉണ്ടായിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ദിലീപ് വ്യാജ ആശുപത്രി രേഖയുണ്ടാക്കിയെന്ന് അന്വേഷണം സംഘം ആരോപിക്കുന്നു. 2017 ഫെബ്രുവരി പതിനാല് മുതൽ 21 വരെ താൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആണെന്നായിരുന്നു വ്യാജരേഖയിൽ പറയുന്നത്. ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാൽ ആശുപത്രി രേഖകളിൽ ദിലീപിന്റെ പേര് ഉണ്ടായിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ നാളെയാണ് വിധി വരുന്നത്. 2020 ജനുവരി 6നാണ് ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള 10 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തിയത്. കൃത്യം നടന്ന് ഏകദേശം മൂന്നുവർഷം പിന്നിടുമ്പോൾ ജനുവരി 30ന് സാക്ഷി വിസ്‌താരം ആരംഭിക്കുകയും ചെയ്‌തിരുന്നു. അടച്ചിട്ട കോടതി മുറിയിൽ വച്ചായിരുന്നു വിചാരണ നടപടികൾ.
കേസിൽ ആകെ 261 സാക്ഷികളെയാണ് വിസ്‌തരിച്ചത്. ഇതിന് മാത്രം ഏതാണ്ട് 438 ദിവസമെടുത്തു. ചലച്ചിത്ര താരങ്ങളായ ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ തുടങ്ങി 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. ഏപ്രിൽ 11ന് അന്തിമ വാദം പൂർത്തിയായെങ്കിലും നടപടി ക്രമങ്ങൾ പിന്നെയും ഏഴെട്ട് മാസത്തോളം നീണ്ടു. നാളെ രാവിലെ പതിനൊന്ന് മണിയോടെ തന്നെ കോടതി നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications