ഞാനുദ്ദേശിച്ചത് അതല്ല; ഈയൊരു ചോദ്യം തന്നെ അപ്രസക്തം... മറുപടിയുമായി സാന്ദ്ര തോമസ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അതിരൂക്ഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ദിലീപും കാവ്യാമാധവനും മക്കളും ഉള്‍പ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സാന്ദ്രയുടെ പ്രതികരണം വിമര്‍ശനത്തിന് വിധേയമായിരുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലോടെ നടന്‍ ദിലീപിനെതിരെ വീണ്ടും അന്വേഷണം നടക്കുകയും നടി ആക്രമിക്കപ്പെട്ട വിഷയം സജീവ ചര്‍ച്ചയാകുകയും ചെയ്തിരിക്കെയാണ് വനിതയുടെ കവര്‍ ചിത്രമായി താര കുടുംബത്തിന്റെ ഫോട്ടോ വന്നത്.
ഈ വേളയില്‍ ദിലീപിനെ വെള്ളപൂശാനാണ് മാസികയുടെ ശ്രമം എന്ന വിമര്‍ശനം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് സാന്ദ്ര നടത്തിയ പ്രതികരണം കൂടുതല്‍ വിമര്‍ശിക്കപ്പെട്ടു. തന്റെ നിലപാട് എന്ത് എന്ന് വ്യക്തമാക്കി സാന്ദ്ര തോമസ് നേരിട്ട് രംഗത്തുവന്നിരിക്കുകയാണിപ്പോള്‍...

ജനുവരി ലക്കത്തിലെ വനിതയുടെ കവര്‍ ചിത്രമായിട്ടാണ് ദിലീപും കുടുംബവുമുള്ളത്. ദിലീപും കാവ്യയും രണ്ട് പെണ്‍മക്കളുമാണ് കവറില്‍. എന്നാല്‍ ദിലീപ് പ്രതിയായ കേസ് സജീവ ചര്‍ച്ചയാകുകയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും ചെയ്ത വേളയില്‍ തന്നെ വനിത ഇത്തരം കവറുമായി രംഗത്തെത്തിയത് സംശയത്തോടെയാണ് കാണപ്പെട്ടത്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരാനും അതു കാരണമായി.

ഏതാനും പേര്‍ ഒഴിച്ച് എല്ലാവരും വനിതക്കെതിരെ രംഗത്തുവരികയാണ് ചെയ്തത്. ദിലീപിനെതിരെ കടുത്ത പ്രതികരണങ്ങളുമുണ്ടായി. എന്നാല്‍ സാന്ദ്ര തോമസിന്റെ പ്രതികരണം അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ദിലീപിന്റെ ചെറിയ മകളെ മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂവെന്നും മനുഷ്യത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നും സാന്ദ്ര പ്രതികരിച്ചു.

സാന്ദ്രയുടെ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ദിലീപിനൊപ്പമാണ് സാന്ദ്ര എന്ന് പലരും വിധിയെഴുതി. ഈ സാഹചര്യത്തിലാണ് സാന്ദ്ര തോമസ് വീണ്ടും പ്രതികരിച്ചിരിക്കുന്നത്. നേരത്തെയുള്ള പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് സാന്ദ്ര പറയുന്നു. ആദ്യത്തെ ചില പ്രതികരണങ്ങളില്‍ തന്നെ തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു. പിന്നീടെത്തിയവര്‍ അത് തുടരുകയും ചെയ്തുവെന്നും സാന്ദ്ര കുറിച്ചു.

നടി ആക്രമിക്കപ്പെട്ടത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റ് ആയ വാക്കുകളായിരുന്നു അവള്‍ക്കൊപ്പം എന്നത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചായിരുന്നു ഇത്തരമൊരു പ്രചാരണം. തൊട്ടുപിന്നാലെ ദിലീപിനെ പിന്തുണയ്ക്കുന്നവരും രംഗത്തുവന്നു. അവനൊപ്പം എന്ന പ്രാചണവും നടന്നു. ഈ ഒരു ചോദ്യം ഇപ്പോള്‍ സാന്ദ്രയോടും പലരും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി സാന്ദ്ര നല്‍കുകയും ചെയ്തു.

ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ് എന്ന് സാന്ദ്ര തോമസ് പറയുന്നു. എന്നെ അറിയാവുന്നവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല. എങ്കിലും ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നിയതിനാലാണ് പുതിയ പോസ്റ്റിടുന്നതെന്ന് സാന്ദ്ര പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ എനിക്ക് എങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാന്‍ സാധിക്കുമെന്ന ചോദ്യവും സാന്ദ്ര ഉന്നയിക്കുന്നു.

സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ- ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്
ഈ പോസ്റ്റിടുന്നത് .
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള
ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു...

ആരെയെങ്കിലും വെള്ളപൂശാനോ
ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...?
ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവർ അത് പിന്തുടർന്നു
തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു .
എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ
ഇരയ്‌ക്കൊപ്പം തന്നെയാണ് .












Click it and Unblock the Notifications