'തന്റെ പടം ഒന്ന് അനൗണ്‍സ് ചെയ്ത് തരുമോ'? ബാലചന്ദ്ര കുമാറിനെതിരെ ശബ്ദരേഖ ഹാജരാക്കിയെന്ന് ദിലീപ്
കൊച്ചി: വധഗൂഢാലോചന കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ ആരോപണങ്ങളുമായി ദിലീപ്. മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെ ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിളള ചോദ്യം ചെയ്തത്.
ബാലചന്ദ്ര കുമാർ ശബ്ദം റെക്കോർഡ് ചെയ്ത ടാബ് എവിടെയെന്ന് ദിലീപ് ചോദിച്ചു. ബാലചന്ദ്ര കുമാറിന് എതിരെ ചില ശബ്ദരേഖകൾ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയെന്നും അറിയിച്ചിട്ടുണ്ട്. തന്നെ അഴിക്കുള്ളിലാക്കാൻ പോലീസിന് രഹസ്യ അജണ്ടയുണ്ടെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളെ ദിലീപ് ചോദ്യം ചെയ്തു. തങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്ന് പറയുന്ന ടാബ് ഹാജരാക്കിയിട്ടില്ല. വിവരങ്ങള്‍ മാറ്റിയെന്ന് പറയുന്ന ലാപ്‌ടോപ്പും ഹാജരാക്കിയില്ല. ഒരു പെന്‍ഡ്രൈവ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ശബ്ദരേഖ തന്നെ അടിസ്ഥാനരഹിതമാണ്. പറയുന്നതൊന്നും പൂര്‍ണല്ല. ഏതാനും ഭാഗങ്ങളാണ് കൂട്ടിച്ചേര്‍ത്ത് തെളിവുകളായി ഹാജരാക്കിയിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതല്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.

ഈ കേസില്‍ താനല്ല, ബാലചന്ദ്ര കുമാര്‍ ആണ് ഗൂഢാലോചനക്കാരന്‍ എന്നും ദിലീപ് ആരോപിച്ചു. താനും സഹോദരനും സഹോദരീ ഭര്‍ത്താവും അടക്കമുളള നിരവധി പേരുളളപ്പോള്‍ എങ്ങനെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത് എന്ന് ദിലീപ് ചോദിച്ചു. തന്നെ അഴിക്കുള്ളിലാക്കാനുളള അജണ്ടയുണ്ട്. അതിന്റെ ഭാഗമായാണ് നിലവിലെ ഗൂഢാലോചന ആരോപണം എന്നും ദിലീപ് വാദിച്ചു.

പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ കണ്ടു എന്നുളളത് കെട്ടിച്ചമച്ച മൊഴിയാണ്. നടിയെ ആക്രമിച്ച കേസില്‍ തോല്‍ക്കാന്‍ പോകുന്നു എന്ന് വന്നപ്പോള്‍ ഈ മൊഴിയെ ഉള്‍പ്പെടുത്താനുളള ശ്രമം ആണ് നടത്തുന്നത്. ആരെങ്കിലും മാപ്പ് സാക്ഷിയാകാന്‍ തയ്യാറാകുന്നില്ല എങ്കില്‍ അയാളെ പിടിച്ച് വിഐപിയാക്കുകയാണ്. താന്‍ ദൃശ്യങ്ങള്‍ കണ്ടുവെങ്കില്‍ എന്തുകൊണ്ട് ബാലചന്ദ്ര കുമാര്‍ അത് ചിത്രീകരിച്ചില്ലെന്നും ദിലീപ് ചോദിച്ചു.

ഈ തിരക്കഥ പോലീസിന്റെതാണോ അതോ ബാലചന്ദ്ര കുമാറിന്റേതാണോ എന്നും അഭിഭാഷകന്‍ ബി രാമന്‍പിളള ചോദിച്ചു. എന്നാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ചില തെളിവുകള്‍ കിട്ടിയതായാണ് മനസ്സിലാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എന്ത് തെളിവുകളാണ് എന്നത് തങ്ങള്‍ക്ക് കൂടി അറിയണമെന്ന് പ്രതിഭാഗം പറഞ്ഞു. അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപിയും ഉദ്യോഗസ്ഥരുമാണ് ഗൂഢാലോചന നടത്തുന്നത്.

തന്നെ കരിവാരി തേക്കാനും അഴിക്കുള്ളിലാക്കാനുളള രഹസ്യ അജണ്ടയാണ് നടക്കുന്നത് എന്നും ദിലീപ് ആരോപിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. അതിനിടെ കേസ് എന്തുകൊണ്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് എന്ന് കോടതി ചോദിച്ചു. ക്രൈം ബ്രാഞ്ചിന് എന്താണ് ഇതില്‍ പ്രത്യേക താല്‍പര്യമെന്ന് പ്രതിഭാഗം ചോദിച്ചു. ഇത് ക്രൈം ബ്രാഞ്ച് തന്നെ ഗൂഢാലോചന നടത്തി തീരുമാനിച്ചതാണ് എന്നും പോലീസ് രാജ് ആണ് നടക്കുന്നത് എന്നും ദിലീപ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രധാനസാക്ഷികളെല്ലാം തനിക്ക് അനുകൂലമായി മൊഴി നല്‍കി. ഇത് മനസ്സിലാക്കിയ പോലീസിന്റെ കളിയാണ് ഇതെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്ര കുമാര്‍ അയച്ച മെസ്സേജുകളും വോയിസ് മെസ്സേജുകളും അടക്കം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ പടം ഒന്ന് അനൗണ്‍സ് ചെയ്ത് തരുമോ എന്ന് ബാലചന്ദ്ര കുമാര്‍ അതിലൊന്നില്‍ ചോദിച്ചിട്ടുണ്ട്. കടം കൊടുക്കാനുളളവരോട് അവധി വാങ്ങി തരുമോ എന്നും ബാലചന്ദ്ര കുമാർ ചോദിച്ചു.

സിനിമയെ ചൊല്ലി താനും ബാലചന്ദ്ര കുമാറും തമ്മില്‍ ശത്രുത ഉണ്ടായിരുന്നു. സിനിമ നടക്കാതെ വന്നപ്പോള്‍ മുതല്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആരോപണം എന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന്‍ എന്ത് കള്ളവും പറയാന്‍ മടിക്കില്ല. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റില്‍ തന്നെയാണ് പരാതിക്കാരനുളളത് എന്നും ദിലീപ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications