'ദിലീപിന്റെ ഫോണിൽ കാവ്യയുടെ നമ്പറുകൾ മറ്റ് പേരുകളിൽ, താലി ഊരിവെച്ച് മഞ്ജു ഇറങ്ങി', വാദങ്ങൾ ഇങ്ങനെ
നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉളളത്. വ്യക്തി വൈരാഗ്യം കാരണം നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി കൊട്ടേഷന്‍ നല്‍കി എന്നത് അടക്കമുളള ആരോപണങ്ങളാണ് ദിലീപ് നേരിടുന്നത്.
കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരെ നടി അറിയിച്ചത് കൊണ്ടുളള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
ദിലീപ്- കാവ്യ ബന്ധമാണ് നടിയെ ആക്രമിക്കുന്നതിലേക്ക് വരെ എത്തിച്ചത് എന്നുളള വാദം വിചാരണക്കോടതിയില്‍ ദിലീപ് പൂര്‍ണമായും നിഷേധിക്കുകയായിരുന്നു. വിചാരണക്കോടതിയിലെ വാദവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരിക്കുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ കാവ്യാ മാധവനുമായി ബന്ധം പുലര്‍ത്തിയ ദിലീപ്, കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് തന്റെ ഫോണില്‍ സേവ് ചെയ്തിട്ടിരുന്നത് എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

മഞ്ജുവില്‍ നിന്നും കാവ്യയുമായി തനിക്കുളള ബന്ധം മറച്ച് വെക്കാനായിരുന്നു ഈ നീക്കം. രാമന്‍, മീന്‍, വ്യാസന്‍, ആര്‍യുകെ കണ്ണന്‍ എന്നിങ്ങനെയുളള പേരുകളിലായിരുന്നു കാവ്യയുടെ നമ്പര്‍ ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നത്. ഇത് മഞ്ജു വാര്യര്‍ കണ്ടുപിടിച്ചതോടെയാണ് ഇരുവരും തമ്മിലുളള പ്രശ്‌നങ്ങളുടെ തുടക്കമെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
ദിലീപിന്റെ ഫോണില്‍ ചില മെസ്സേജുകളാണ് മഞ്ജു കണ്ടത്. ഇതേക്കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹ ബന്ധം തകരുന്നതിലേക്ക് അടക്കം എത്തിച്ചത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ ഒരു ഫോണും ദിലീപ് ഉപയോഗിച്ചിരുന്നുവെന്നും ഇതില്‍ കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ dil ka എന്നും ka dil എന്നും ആയിരുന്നു സേവ് ചെയ്തിരുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ദിലീപ്- കാവ്യ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് മഞ്ജു വാര്യര്‍ സംസാരിച്ചിരുന്നു. ആ സമയം തനിക്ക് അറിയുന്ന കാര്യങ്ങള്‍ നടി മഞ്ജുവിനെ അറിയിച്ചു. ഇതിന് ശേഷമാണ് തന്റെ താലിമാല ഊരി വെച്ച ശേഷം മഞ്ജു ദിലീപിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തന്റെ വിവാഹമോചനത്തിന് കാരണമായി എന്നതിന്റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് കൊട്ടേഷന്‍ കൊടുത്തത് എന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
അതേസമയം മഞ്ജു വാര്യരുമായുളള വിവാഹമോചനത്തിന് കാരണം ആക്രമിക്കപ്പെട്ട നടി അല്ലെന്നാണ് ദിലീപിന്റെ വാദം. അതുകൊണ്ട് തന്നെ നടിയോട് വ്യക്തിവൈരാഗ്യം ഇല്ലെന്നും നടിയെ ആക്രമിക്കാന്‍ താന്‍ കൊട്ടേഷന്‍ നല്‍കി എന്നതിന് തെളിവില്ലെന്നും ദിലീപ് വിചാരണയ്ക്കിടെ വാദം ഉന്നയിച്ചു.












Click it and Unblock the Notifications